| Friday, 28th July 2017, 8:20 pm

'ഇത് ഹറാമാണ്, പാപമായ ഈ ഗെയിം കളിക്കരുത്'; മകനൊപ്പം ചെസ് കളിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ മതമൗലികവാദികളുടെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സിനിമാ താരങ്ങളെപ്പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളുടേയും തീവ്രമതവാദികളുടേയും ഇരകളാകാറുണ്ട് ക്രിക്കറ്റ് താരങ്ങളും. കഴിഞ്ഞ ദിവസം പേസര്‍ ഇര്‍ഫാന്‍ പഠാനെതിരേയും മതമൗലികവാദികളും ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെതിരേയും മൗതമൗലികവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ മകനോടൊപ്പം ചെസ് കളിക്കുന്നതിന്റെ ചിത്രം കൈഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് താരത്തിനെതിരെ മതമൗലികവാദികള്‍ രംഗത്തെത്തിയത്. ചെസ് കളിക്കുന്നത് ഇസ് ലാമിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം.

ചെസ് കളിക്കുന്ന ഹറാമാണെന്നാണ് അന്‍വര്‍ ഷെയ്ക്ക് എന്നയാള്‍ പറയുന്നത്. ഇസ് ലാമിക മതാചാര പ്രകാരം ചെസ് കളിക്കരുതെന്ന ഉപദേശമാണ് മുഹമ്മദ് ഇമ്രാന്‍ നല്‍കുന്ന ഉപദേശം. താരത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹറാമായ ഗെയിം കളിക്കുന്നത് ശരിയാണൊയെന്നു ചോദിക്കുന്നതാണ് മിക്ക കമന്റുകളും.

തനിക്കെതിരായ കമന്റുകള്‍ക്കെതിരെ ശക്തമായിട്ടായിരുന്നു കൈഫിന്റെ പ്രതികരണം. ശ്വസിക്കുന്നത് ഹറാമാണോ എന്ന് പണ്ഡിതരോട് ചോദിച്ച് നോക്കൂ എന്നായിരുന്നു കൈഫിന്റെ പ്രതികരണം. നേരത്തെ സൂര്യനമസ്‌കാരം ചെയ്തതിനും ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പോസ്റ്റ് ചെയ്തതിനും കൈഫിനെതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

സമാനമായ രീതിയില്‍ ഇര്‍ഫാന്‍ പഠാനെതിരേയും സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായിരുന്നു. നെയ്ല്‍ പോളിഷ് ഇട്ട കൈകൊണ്ട് മുഖം മറച്ചു പിടിക്കുന്ന ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ഇര്‍ഫാനെതിരെ ചിലര്‍ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more