| Monday, 11th March 2024, 5:44 pm

ഇങ്ങനെ ഒരുത്തന്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഏകദിനത്തില്‍ കളിപ്പിച്ചില്ല; ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 4-1 എന്ന നിലയില്‍ വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ കാഴ്ചവെച്ചത്. ഇതോടെ ചാമ്പ്യന്‍മാരാകാനും ഇന്ത്യക്ക് സാധിച്ചു.

ഇന്ത്യയുടെ യുവനിരയുടെ തകര്‍പ്പന്‍ പ്രകടനവും പരമ്പര വിജയത്തിന് നിര്‍ണായകമായിരുന്നു. അതില്‍ ഇന്ത്യയുടെ ഭാവി താരമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ടിനെതിരെ ഗംഭീരമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്.

പരമ്പരയില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 712 റണ്‍സാണ് യുവ ബാറ്റര്‍ അടിച്ചെടുത്തത്. അതില്‍ രണ്ട് ഇരട്ട സെഞ്ച്വറിയും ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ഒരു അഭിമുഖത്തില്‍ ജയ്‌സ്വാളിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് കൈഫ്.

‘അവന്‍ ചെറുപ്പമാണ്. ഞങ്ങള്‍ അവനെ വര്‍ഷങ്ങളായി കാണുന്നുണ്ട്. രഞ്ജി ട്രോഫിയിലും ഐ.പി.എല്ലും അവന്‍ നന്നായി കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിലെ മുന്‍ സീസണില്‍ അവന്‍ സെന്‍സേഷണല്‍ പ്രകടനം കാഴ്ച വച്ചു. അവന്‍ ഒരു മികച്ച കളിക്കാരനാണ്,’ കൈഫ് പറഞ്ഞു.

ഇതുവരെ ജയ്‌സ്വാള്‍ ടി-ട്വന്റിയും ടെസ്റ്റും കളിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിന് ഇതുവരെ ഏകദിനം കളിക്കാന്‍ സാധിച്ചില്ല. അതിനെക്കുറിച്ചും കൈഫ് മറുപടി പറഞ്ഞു.

‘അദ്ദേഹം ഇന്നുവരെ ഏകദിനത്തില്‍ കളിച്ചിട്ടില്ല. അദ്ദേഹത്തിന് ഏകദിന ക്യാപ് എത്രയും വേഗം നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ ആക്രമിച്ചു കളിക്കാനും പ്രതിരോധിക്കാനും അവന് കഴിയും,’കൈഫ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohammad Kaif Talking About Yashasvi Jaiswal

We use cookies to give you the best possible experience. Learn more