ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.
അഡ്‌ലെയ്ഡിലെ നിര്‍ണായക ഇന്നിങ്‌സില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡായിരുന്നു. 141 പന്തില്‍ നാല് സിക്‌സും 17 ഫോറും ഉള്‍പ്പെടെ 140 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം മടങ്ങിയത്. അഡ്‌ലെയ്ഡില്‍ ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഇപ്പോള്‍ താരത്തെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യ ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
‘എന്തുകൊണ്ട് ട്രാവിസ് ഹെഡിനെ പോലുള്ള ബാറ്റര്‍മാരുടെ ദൗര്‍ബല്യത്തെ കൃത്യമായ പ്ലാനിങ്ങോടെ ലക്ഷ്യം വെക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. എന്തുകൊണ്ട് ഷോര്‍ട്ട് ബോളുകളിലൂടെ അവനെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്നില്ല? എല്ലാ ബാറ്റര്‍മാര്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. എന്തുകൊണ്ട് നമുക്ക് ട്രാവിസ് ഹെഡിനെതിരെ കൃത്യമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല,’ കൈഫ് പറഞ്ഞു.
മുഹമ്മദ് സിറാജിന്റെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഹെഡിനെ ഇന്ത്യ പറഞ്ഞയച്ചത്. മികച്ച പ്രകടനത്തിനൊടുവില്‍ ഇന്ത്യയ്ക്കെതിരെ ഒരു വമ്പന്‍ നേട്ടവും സ്വന്തമാക്കിയാണ് ഹെഡ് കളംവിട്ടത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാനാണ് ഹെഡിന് സാധിച്ചത്. ഇന്ത്യയ്‌ക്കെതിരെ 21 ഇന്നിങ്‌സില്‍ നിന്ന് 955* റണ്‍സാണ് താരം നിലവില്‍ നേടിയത്.
മത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വേഗത്തില്‍ പുറത്താക്കിയത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മിന്നും പ്രകടനമാണ്. കെ.എല്‍ രാഹുല്‍ (7), രോഹിത് ശര്‍മ (6), നിതീഷ് കുമാര്‍ റെഡ്ഡി (42), ആര്‍. അശ്വിന്‍ (7), ഹര്‍ഷിത് റാണ (0), എന്നിവരെയാണ് കമ്മിന്‍സ് കൂടാരത്തിലേക്ക് പറഞ്ഞയച്ചത്.
Content Highlight: Mohammad Kaif Talking About Why Indian Bowlers Can’t Resist Travis Head