അഡ്‌ലെയ്ഡിലെ നിര്‍ണായക ഇന്നിങ്‌സില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡായിരുന്നു. 141 പന്തില്‍ നാല് സിക്‌സും 17 ഫോറും ഉള്‍പ്പെടെ 140 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം മടങ്ങിയത്. അഡ്‌ലെയ്ഡില്‍ ഇന്ത്യയെ ശരിക്കും ഭയപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഇപ്പോള്‍ താരത്തെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യ ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
‘എന്തുകൊണ്ട് ട്രാവിസ് ഹെഡിനെ പോലുള്ള ബാറ്റര്‍മാരുടെ ദൗര്‍ബല്യത്തെ കൃത്യമായ പ്ലാനിങ്ങോടെ ലക്ഷ്യം വെക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. എന്തുകൊണ്ട് ഷോര്‍ട്ട് ബോളുകളിലൂടെ അവനെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്നില്ല? എല്ലാ ബാറ്റര്‍മാര്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. എന്തുകൊണ്ട് നമുക്ക് ട്രാവിസ് ഹെഡിനെതിരെ കൃത്യമായി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല,’ കൈഫ് പറഞ്ഞു.
മുഹമ്മദ് സിറാജിന്റെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഹെഡിനെ ഇന്ത്യ പറഞ്ഞയച്ചത്. മികച്ച പ്രകടനത്തിനൊടുവില്‍ ഇന്ത്യയ്ക്കെതിരെ ഒരു വമ്പന്‍ നേട്ടവും സ്വന്തമാക്കിയാണ് ഹെഡ് കളംവിട്ടത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാനാണ് ഹെഡിന് സാധിച്ചത്. ഇന്ത്യയ്‌ക്കെതിരെ 21 ഇന്നിങ്‌സില്‍ നിന്ന് 955* റണ്‍സാണ് താരം നിലവില്‍ നേടിയത്.