ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷം രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും മറികടന്ന് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പറായ ന്യൂസിലാന്‍ഡിനെതിരെ മാര്‍ച്ച് രണ്ടിന് ഇന്ത്യ ഏറ്റുമുട്ടാനിരിക്കുകയാണ്. ദുബായില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ വലംകയ്യന്‍ ഓഫ് ബ്രേക്കര്‍ വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞത്. ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ടെന്നും, ന്യൂസിലാന്‍ഡിന്റെ ഇടംകയ്യന്‍ ബാറ്റര്‍മാരായ ഡെവേണ്‍ കോണ്‍വേ, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, മൈത്തല്‍ ബ്രേസ്‌വെല്‍, ടോം ലതാം എന്നിവരെ നേരിടാന്‍ സുന്ദറിന് കഴിയുമെന്നുമാണ് കൈഫ് പറഞ്ഞത്. ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയാന്‍ ദുബായില്‍ സുന്ദറിന് അനുകൂലമായ പിച്ചാണെന്നും കൈഫ് പറഞ്ഞു.
‘ഇന്ത്യന്‍ ടീമില്‍ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കുന്നത് മികച്ച തീരുമാനമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് സൈഡ് നോക്കൂ. കോണ്‍വേ, സാന്റ്നര്‍, രചിന്‍, ബ്രേസ്‌വെല്‍, ടോം ലതാം എന്നിവരെല്ലാം ഇടം കൈയ്യന്‍ ബാറ്റര്‍ന്മാരാണ്. അവര്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്താന്‍ സാധ്യതയുള്ള ടീമാണ്. അതുകൊണ്ട് വാഷിങ്ടണ്‍ സുന്ദറിനെ പരീക്ഷിക്കുന്നത് നല്ലതായിരിക്കും,’ മുഹമ്മദ് കൈഫ്
നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവും നാല് പോയിന്റും നേടി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്താണ്. + 0.863 നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തിലാണ് കിവീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വിജയത്തില്‍ നിന്ന് നാല് പോയിന്റ് നേടി ഇന്ത്യയാണ് രണ്ടാമത്. + 0.847 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.
എന്നാല്‍ ബി-ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം (വെള്ളി) നടന്ന മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും ഓരോ പോയിന്റ് വീതം പങ്കിട്ടെടുക്കുകയായിരുന്നു. മൊത്തം നാല് പോയിന്റ് നേടിയ ഓസ്ട്രേലിയ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയുമാണ് ഏറ്റുമുട്ടുന്നത്. ടേബിള്‍ ടോപ്പറാകാന്‍ ലക്ഷ്യം വെച്ചാണ് ഇരുവരും കളത്തിലിറങ്ങുന്നത്.
Content Highlight: Mohammad Kaif Talking About Washington Sundar