|

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ 'തലവേദന'; തുറന്ന് സംസാരിച്ച് മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷം രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും മറികടന്ന് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ ടേബിള്‍ ടോപ്പറായ ന്യൂസിലാന്‍ഡിനെതിരെ മാര്‍ച്ച് രണ്ടിന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ദുബായ് ആണ് വേദി.

എന്നാല്‍ ബി-ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം (വെള്ളി) നടന്ന മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും ഓരോ പോയിന്റ് വീതം പങ്കിട്ടെടുക്കുകയായിരുന്നു. മൊത്തം നാല് പോയിന്റ് നേടിയ ഓസ്ട്രേലിയ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഇതോടെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ഓസീസ് സൂപ്പര്‍ താരവും ഓപ്പണറുമായ ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് ഒരു തലവേദനയാകുമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്‌പോര്‍ട്‌സ് 18നിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കൈഫ്. ട്രാവിസ് ഹെഡ്ഡ് ഒരു മാച്ച് വിന്നര്‍ പ്ലെയറാണെന്നും കൃത്യസമയത്ത് ഫോമിലേക്ക് തിരിച്ചെത്തുമെന്നും കൈഫ് പറഞ്ഞു.

‘ട്രാവിസ് ഹെഡ്ഡ് ഇന്ത്യയ്ക്ക് ഒരു തലവേദനയാണ്, മാത്രമല്ല അവന്‍ ഒരു മാച്ച് വിന്നിങ് പ്ലെയറുമാണ്. ഹെഡ് ശരിയായ സമയത്ത് ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട എതിരാളികള്‍ക്കെതിരെ കളിക്കാന്‍ അവന്‍ ആകാംക്ഷയോടെ കാത്തിരിക്കും,’ സ്പോര്‍ട്സ് 18ല്‍ കൈഫ് പറഞ്ഞു.

പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഓസീസ് ഇത്തവണ ഇറങ്ങിയത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ബൗളിങ് ദുര്‍ബലമാണെങ്കിലും ബൗളര്‍മാര്‍ക്ക് ഇപ്പോഴും കളിയുടെ ഫലത്തെ മാറ്റാന്‍ കഴിയുമെന്ന് പിയൂഷ് ചൗളയും പരാമര്‍ശിച്ചു.

‘മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരെ അവര്‍ക്ക് നഷ്ടമായി, അവര്‍ക്ക് പകരക്കാരനായി വന്ന ബൗളര്‍മാര്‍ ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. നോക്കൗട്ടുകളില്‍ ഓസ്‌ട്രേലിയയെ നിസാരമായി കാണാനാവില്ല,’ ചൗള പറഞ്ഞു.

Content Highlight: Mohammad Kaif Talking About Travis Head