| Wednesday, 31st July 2024, 8:56 pm

ഇന്ത്യന്‍ ടീമിന്റെ ഭാവി സുരക്ഷിതമാണ്; വമ്പന്‍ പ്രസ്താവനയുമായി മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി-20യില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചൂള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആദ്യ പന്തില്‍ തന്നെ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ സൂപ്പര്‍ ഓവറില്‍ എത്തിയത്.

അവസാന നിമിഷം ലങ്കയ്ക്ക് 14 പന്തില്‍ 14 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ സൂര്യയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും അവസാന ഓവറിലെ കിടിലന്‍ പെര്‍ഫോമന്‍സുമാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് സൂര്യകുമാറിന്റെ മിന്നും പ്രകടനത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

‘ഇന്ത്യന്‍ ടീമിന്റെ ഭാവി സുരക്ഷിതമാണെന്ന് തന്നെ പറയാം. അതിന് തെളിവാണ് ഇന്നലത്തെ മത്സരത്തില്‍ സൂര്യയുടെ മികവ്. നിര്‍ണായക സമയത്തുള്ള തീരുമാനങ്ങള്‍ അവന്‍ മികച്ചതാക്കി. അവന്‍ ഇത്തരം ഒരു നീക്കം പഠിച്ചത് രോഹിത് ശര്‍മയില്‍ നിന്നാണ് എന്നത് ഉറപ്പാണ്.

അദ്ദേഹത്തെ പിന്തുടര്‍ന്നാണ് ഈ നീക്കം നടത്താന്‍ സൂര്യയ്ക്ക് പ്രചോദനമായത്. 19ാം ഓവറില്‍ റിങ്കു സിങ്ങിനെ കൊണ്ടുവന്നു 20ാം ഓവറില്‍ സ്വയം ബൗളിങ് ഏറ്റെടുത്ത് ടീമിനെ ജയിപ്പിച്ചു. അവന്‍ മികച്ച നായകനാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്,’ മുഹമ്മദ് കൈഫ് പറഞ്ഞു.

Content Highlight: Muhammad Kaif Talking About Suryakumar Yadav

We use cookies to give you the best possible experience. Learn more