എന്തിനാണ് ഇങ്ങനെയൊരു ടീം, ഇതിന് പരിഹാരമില്ല; ബെംഗളൂരുവിനെക്കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് മുഹമ്മദ് കൈഫ്
Sports News
എന്തിനാണ് ഇങ്ങനെയൊരു ടീം, ഇതിന് പരിഹാരമില്ല; ബെംഗളൂരുവിനെക്കൊണ്ട് ഒരു ഉപകാരവുമില്ലെന്ന് മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th April 2024, 3:17 pm

ഇന്നലെ ജെയ്പൂരില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍.

ഇതോടെ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമായി എട്ടാം സ്ഥാനത്താണ് ബെംഗളൂരു. കഴിഞ്ഞ 17 വര്‍ഷങ്ങളായി ടീമിന് ഒരു കപ്പ് പോലും നേടാന്‍ സാധിച്ചില്ല എന്നതിനോടൊപ്പം വിജയ സാധ്യതകളും മങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനോട് ചോദിച്ചപ്പോള്‍ താരം പ്രതികരിക്കുകയായിരുന്നു.

‘റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെക്കൊണ്ട് ഒരു ഉപയോഗവും ഇല്ല, അവരെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളര്‍മാര്‍ അവര്‍ക്കില്ല. വിരാട് കോഹ്‌ലി മാത്രം ഫ്രാഞ്ചൈസിക്കായി റണ്‍സ് നേടുന്നു. ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മറ്റെന്താണ് ചെയ്യാന്‍ സാധിക്കുക? കഴിഞ്ഞ 17 വര്‍ഷമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അതേ കഥയാണിത്. ഇതിന് ഒരു പരിഹാരവും ഇല്ലെന്നു തോന്നുന്നു,’സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.

രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ ജോസ് ബട്ലറിന്റെയും സഞ്ജു സാംസണിന്റെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു 58 പന്തില്‍ നിന്ന് നാല് സിക്സറും ഒമ്പത് ഫോറും ഉള്‍പ്പെടെ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുകയായിരുന്നു ബട്ലര്‍. 42 പന്തില്‍ രണ്ട് സിക്‌സറും 8 ഫോറും ഉള്‍പ്പെടെ 69 റണ്‍സ് ആണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ സീസണിലെ തന്റെ രണ്ടാം ഫിഫ്റ്റിയും താരം സ്വന്തമാക്കി.

72 പന്തില്‍ നിന്ന് നാല് സിക്സറും 12 ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. താരത്തിന് ഐ.പി.എല്‍ കരിയറിലെ 8ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിച്ചു. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും അതികം സെഞ്ച്വറി നേടിയ താരമാകാനും വിരാടിന് കഴിഞ്ഞു. മാത്രമല്ല സെഞ്ച്വറി നേടിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പരജയം ഏറ്റുവാങ്ങുന്ന താരവും വിരാടാണ്.

 

 

Content Highlight: Mohammad Kaif Talking About Royal challengers Bengaluru