|

ബുംറയെ ക്യാപ്റ്റനാക്കരുത്, അവര്‍ രോഹിത്തിന്റെ പിന്‍ഗാമിയാകുന്നതാണ് നല്ലത്: തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെത്തുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ തുടര്‍ പരാജയം ഏറ്റുവാങ്ങിയതോടെ പരമ്പര തോല്‍വിയും വേള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും ഇല്ലാതാക്കി.

എന്നിരുന്നാലും പരമ്പരയിലുടനീളം മിന്നും പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം അമ്പരപ്പിച്ചത്. മാത്രമല്ല പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സി മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ രോഹിത് സ്വയം മാറിനിന്ന് ബുംറയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്ക് കാരണം ബുംറ മത്സരത്തില്‍ നിന്ന് മാറി. രോഹിത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടാം ക്യാപ്റ്റനാകാന്‍ യോഗ്യന്‍ ബുംറയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബുംറയെ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കരുതെന്ന് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

മുഹമ്മദ് കൈഫ് പറഞ്ഞത്

‘ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാക്കരുത്. കാരണം എല്ലാം മറന്ന് ടീമിനായി പന്തെറിയുന്ന ഒരേയൊരു ബോളര്‍ ഇപ്പോള്‍ ബുംറ മാത്രമാണ്. അതാണ് ഇപ്പോള്‍ അവന് പരിക്ക് പറ്റാന്‍ കാരണമായതും. ഇതാദ്യമായല്ല അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത്. അതുകൊണ്ടു തന്നെ ബുംറയെ ക്യാപ്റ്റനാക്കരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഈ കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടത് ബി.സി.സി.ഐയാണ്. റിഷബ് പന്തോ കെ.എല്‍. രാഹുലോ രോഹിത്തിന്റെ പിന്‍ഗാമിയാകുന്നതാണ് നല്ലത്. ഇരുവരും ഐ.പി.എല്‍ ടീമുകളുടെ നായകന്‍മാരായിട്ടുണ്ട്. ബുംറയെ ക്യാപ്റ്റനാക്കുന്നതോടെ അത് അയാളില്‍ അധിക സമ്മര്‍ദം ഉണ്ടാക്കുകയും പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. മാത്രമല്ല അവന്റെ മുന്നിലുള്ള മികച്ചൊരു കരിയര്‍ അതോടെ ഇല്ലാതവുകയും ചെയ്യും,’ മുഹമ്മദ് കൈഫ് പറഞ്ഞു.

Content Highlight: Mohammad Kaif Talking About Jasprit Bumrah

Latest Stories