| Thursday, 27th February 2025, 9:12 am

ഇംഗ്ലണ്ടിനെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹന്‍ സെഞ്ച്വറി നേടിയ സദ്രാനല്ല; വിമര്‍ശനവുമായി മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.

അഫ്ഗാനിസ്ഥാന്‍ സിംഹങ്ങള്‍ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 317ന് പുറത്താകുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ മിന്നും ബാറ്റര്‍ ഇബ്രാഹിം സദ്രാന്റെയും ഓള്‍ റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് അഫ്ഗാനിസ്ഥാന്റെ തകര്‍പ്പന്‍ വിജയം.

മത്സരത്തില്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത് സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ച ഇബ്രാഹിം സദ്രാനായിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച അസ്മത്തുള്ള ഒമര്‍സായിയാണ് പുരസ്‌കാരത്തിന് കൂടുതല്‍ യോഗ്യന്‍ എന്ന് വിലയിരിത്തിയിരിക്കുകയാണ്.

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യാത്ത ഒരു പിച്ചില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതും, ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്ന ഘട്ടത്തില്‍ കളി മാറ്റി മറിക്കാനും ബൗളര്‍ക്ക് സാധിച്ചതിനാല്‍ സദ്രാനേക്കാള്‍ പ്രാധാന്യം ഒമര്‍സായിക്കാണെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

‘എന്റെ മാന്‍ ഓഫ് ദി മാച്ച് അസ്മത്തുള്ള ഒമര്‍സായിക്കാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യാത്ത ഒരു പിച്ചില്‍ അഞ്ച് വിക്കറ്റുകളാണ് അവന്‍ വീഴ്ത്തിയത്. ഇംഗ്ലണ്ട് കളി ഏതാണ്ട് ജയിച്ച അവസ്ഥയില്‍ മത്സരത്തിന്റെ അവസാനം ഒമര്‍സായി എല്ലാം മാറ്റി മറിച്ചു. ഒമര്‍സായി ടീമിനായി റണ്‍സും നേടി. സാദ്രാന്‍ നേടിയ റണ്‍സിനേക്കാള്‍ അഞ്ച് വിക്കറ്റുകള്‍ക്കാണ് പ്രാധാന്യം,’ മുഹമ്മദ് കൈഫ് സ്‌പോര്‍ട്‌സ് 18ല്‍ പറഞ്ഞു.

മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി 146 പന്തില്‍ 177 റണ്‍സ് നേടിയാണ് സദ്രാന്‍ പുറത്തായത്. ആറ് സിക്സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. താരത്തിന് പുറമെ അഫ്ഗാനിസ്ഥാന് വേണ്ടി കൂടുതല്‍ സ്‌കോര്‍ നേടിയ താരം അസ്മത്തുള്ള ഒമര്‍സായിയാണ്. ആറാമനായി ഇറങ്ങി 31 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് താരം നേടിയത്.

മാത്രമല്ല ഇംഗ്ലണ്ടിന്റെ അഞ്ച് സൂപ്പര്‍ താരങ്ങളെ പുറത്താക്കാനും ഒമര്‍സായിക്ക് സാധിച്ചു. ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍, ജോ റൂട്ട്, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ് എന്നിവരെയാണ് ഒമര്‍സായി പുറത്താക്കിയത്. താരത്തിന്റെ ആദ്യത്തെ ഏകദിന ഫൈഫറാണിത്.

Content Highlight: Mohammad Kaif Talking About Azmatullah Omarzai

We use cookies to give you the best possible experience. Learn more