ഐ.സി.സി ടി-20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കും ഒരു ഓർമപ്പെടുത്തൽ നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും ഐ.സി.സിയുടെ കിരീടം നേടാനുള്ള അവസരമാണ് ഇതെന്നാണ് കൈഫ് പറഞ്ഞത്.
‘ ഐ.സി.സിയുടെ ഈ കിരീടം ഉയര്‍ത്താനുള്ള രോഹിത്തിന്റെയും കോഹ്‌ലിയുടെയും അവസാന അവസരമാണിത്. 2023 ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതോടെ രോഹിത്തിനും വിരാടിനും ആ അവസരം നഷ്ടമായി. ഈ തോല്‍വിക്ക് ശേഷം ആരാധകര്‍ വളരെയധികം തകര്‍ന്നു പോയിരുന്നു. 37 കാരനായ രോഹിത്തും 35 കാരനായ കോഹ്‌ലിയും അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയെ കളിക്കുന്നതിനു മുമ്പായി ഏകദേശം 14 മാസത്തോളം ഇന്ത്യയുടെ ടി-20 ടീമില്‍ നിന്നും പുറത്തായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് അനായാസം ജയിക്കാന്‍ സാധിക്കും എന്നാല്‍ സെമിഫൈനലിലും ഫൈനലിലും ആയിരിക്കും യഥാര്‍ത്ഥ മത്സരം ഇന്ത്യയ്ക്ക് നേരിടേണ്ടിവരുക,’ മുഹമ്മദ് കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി മത്സരത്തില്‍ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.