|

ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ബൗളിങ് നേരിടാന്‍ അവനേക്കാള്‍ മികച്ച മറ്റാരുമില്ല; മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ നവംബര്‍ അഞ്ചിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ 243 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ രണ്ടാമനായി ഇറങ്ങിയ ശ്രേയസ് അയ്യരുടെ മികച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്റ്റാര്‍ സ്‌പോര്‍സില്‍ അടുത്തിടെ നടന്ന ഒരു ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്പിന്‍ ബൗളിങ്ങ് കളിക്കാനുള്ള അയ്യരുടെ അസാധാരണ കഴിവിനെയാണ് കൈഫ് എടുത്ത് പറഞ്ഞത്.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ലൈനപ്പിലെ മറ്റാരേക്കാളും മികച്ചത് അയ്യരാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. ഐ.പി.എല്ലില്‍ കൈഫ് അയ്യരോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സ്പിന്‍ ബൗളിങ് മികച്ചരീതിയില്‍ കളിക്കുന്ന അവരുടെ കഴിവിനേക്കുറിച്ചും പറഞ്ഞു.

‘അവന്‍ സ്പിന്‍ കളിക്കുന്നതില്‍ ശരിക്കും മിടുക്കനാണ്. ഐ.പി.എല്‍ സമയത്തും അദ്ദേഹം ആക്ഷന്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ വീക്ഷണത്തില്‍ ടീമില്‍ സ്പിന്‍ കൈകാര്യം ചെയ്യുന്നതില്‍ അവനാണ് ഏറ്റവും മികച്ചത്. കാരണം അവന്‍ സിങ്കിള്‍സും ഡബിള്‍സും മാത്രമല്ല സിക്‌സറുകളും അടിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ 87 പന്തില്‍ 77 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. രണ്ട് സിക്‌സറുകളും ഏഴ് ബൗണ്ടറികളുമുള്‍പ്പെടെയായിരുന്നു അയ്യര്‍ മിന്നും പ്രകടനം കാഴ്ച വെച്ചത്. സൗത്ത് ആഫ്രിക്കന്‍ സ്പിന്‍ ബൗളര്‍ക്ക് ഫോം കണ്ടെത്താന്‍ അയ്യര്‍ അനുവദിച്ചില്ലായിരുന്നു.

‘മധ്യ നിരയില്‍ മികച്ച ബൗളര്‍മാര്‍ ഉണ്ടായിട്ടും അവന്‍ സ്‌കോര്‍ ചെയ്യുന്നത് നിര്‍ത്തുന്നില്ലായിരുന്നു. തബ്രായിസ് ഷംസിയും കേശവ് മഹാരാജും കളത്തിലിറങ്ങിയപ്പോള്‍ പോലും അയ്യര്‍ കൃത്യമായി അക്രമിക്കുകയും, ബൗണ്ടറികള്‍ അടിക്കുന്നത് വഴി ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുകയുമാണ് ചെയ്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നിങ്‌സില്‍ സ്പിന്നര്‍ക്ക് അനുകൂലമായ ട്രാക്കില്‍ കേശവ് മഹാരാജിനെ മിതപ്പെടുത്തിയപ്പോള്‍ 10 ഓവറില്‍ 72 റണ്‍സ് വഴങ്ങിയ തബ്രായിസ ഷംസിയെ അയ്യര്‍ തകര്‍ത്തടിക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ അയ്യരുടെ പ്രകടനവും ഇന്ത്യയെ വിജയത്തിലെത്തിലെത്തിക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ചു.

മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും അയ്യരുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 121 പന്തില്‍ 101 റണ്‍സിന് പുറത്താകാതെയാണ് കോഹ്‌ലി തന്റെ കരിയറിലെ 49ാം ഏകദിന സെഞ്ച്വറിയും നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ ലോകറെക്കോഡിനൊപ്പമാണ് വിരാട്. രോഹിത് ശര്‍മ 40 (24) റണ്‍സുമെടുത്ത് മികച്ച തുടക്കവും ഇന്ത്യക്ക് നല്‍കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഒന്നിന് പിറകെ ഒന്നായി തകര്‍ന്ന് വീഴുന്നതാണ് കാണാന്‍ സാധിച്ചത്. യാന്‍സന്‍ 14 (30) റണ്‍സും റസീ വാന്‍ ഡേര്‍ ഡസണ്‍ 13 (32) റണ്‍സും ഡേവിഡ് മില്ലര്‍ 11 (11) റണ്‍സുമാണ് നേടിയത്. അടുത്ത മത്സരത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നേരിടും. നവംബര്‍ 12നാണ് മത്സരം. തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.

Content Highlight: Mohammad Kaif Says Shreyas Iyer Is Best To Face Spin Bowling In Indian Team

Latest Stories