| Friday, 4th October 2024, 12:12 pm

അവന്‍ ടീമിലുള്ളത് ഇന്ത്യ തങ്ങളുടെ ഭാഗ്യമായി കാണണം; സൂപ്പര്‍ താരത്തെ പ്രകീര്‍ത്തിച്ച് മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇറാനി ട്രോഫിയിലെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ സൂപ്പര്‍ താരം സര്‍ഫറാസ് ഖാനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. സര്‍ഫറാസ് ഒട്ടനേകം കഷ്ടപ്പാടുകളിലൂടെ ഉയര്‍ന്നുവന്ന താരമാണെന്നും അവന്‍ ടീമിലുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും കൈഫ് പറഞ്ഞു.

എക്‌സിലെഴുതിയ പോസ്റ്റിലാണ് താരം സര്‍ഫറാസിന് പ്രശംസിച്ചത്.

‘ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ച താരമാണ് സര്‍ഫറാസ് ഖാന്‍. കഷ്ടപ്പാടുകള്‍ നിറഞ്ഞ ചെറുപ്പകാലം, ഫിറ്റ്‌നെസ്സിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍, ഫലവത്താകാതെ പോയ യു.പിയിലേക്കുള്ള മാറ്റം, ഇതില്‍ നിന്നെല്ലാം അവന്‍ തിരിച്ചുവന്നു. അവനെ പോലെ ഒരു താരം ടീമിലുള്ളത് ഇന്ത്യയുടെ ഭാഗ്യമെന്നാണ് ഇറാനി കപ്പിലെ ഇരട്ട സെഞ്ച്വറി വ്യക്തമാക്കുന്നത്,’ കൈഫ് കുറിച്ചു.

ചരിത്രം തിരുത്തി സര്‍ഫറാസ്

ഇറാനി കപ്പിന്റെ ഈ എഡിഷനില്‍ ലഖ്‌നൗ, എകാന സ്‌റ്റേഡിയത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെയാണ് സര്‍ഫറാസ് ഇരട്ട സെഞ്ച്വറി നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്സില്‍ 537 റണ്‍സാണ് അടിച്ചുകൂട്ടിയത്. 286 പന്ത് നേരിട്ട് പുറത്താകാതെ 222 റണ്‍സ് നേടിയ സര്‍ഫറാസാണ് ടീമിനെ താങ്ങി നിര്‍ത്തിയത്.

ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെ, തനുഷ് കോട്ടിയന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീമിന് തുണയായി. രഹാനെ 234 പന്തില്‍ 97 റണ്‍സ് നേടിയപ്പോള്‍ കോട്ടിയന്‍ 124 പന്തില്‍ 64 റണ്‍സും അയ്യര്‍ 84 പന്തില്‍ 57 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ തന്റെ 15ാം സെഞ്ച്വറി നേട്ടമാണ് താരം ലഖ്നൗവിലെ എകാന സ്റ്റേഡിയത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ കുറിച്ചത്. ശേഷം ആ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

അര്‍ധ സെഞ്ച്വറികള്‍ സെഞ്ച്വറിയിലേക്കും സെഞ്ച്വറികള്‍ ഇരട്ട സെഞ്ച്വറിയിലേക്കും കൊണ്ടെത്തിക്കുന്ന സര്‍ഫറാസിന്റെ അപാരമായ കണ്‍വേര്‍ഷന്‍ റേറ്റിന്റെ പുതിയ അധ്യായമാണ് ലഖ്നൗവില്‍ കണ്ടത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും സര്‍ഫറാസ് സ്വന്തമാക്കിയിരുന്നു. ഇറാനി കപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ താരമെന്ന നേട്ടമാണ് സര്‍ഫറാസ് സ്വന്തമാക്കിയത്. 1972ല്‍ രാംനാഥ് പാര്‍കര്‍ നേടിയ 195 റണ്‍സാണ് ഇറാനി കപ്പില്‍ ഒരു മുംബൈ താരത്തിന്റെ മികച്ച പ്രകടനം.

ഇതിനൊപ്പം ഇറാനി കപ്പ് ചരിത്രത്തിലെ 11ാം ഡബിള്‍ സെഞ്ചൂറിയനെന്ന നേട്ടവും സര്‍ഫറാസ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.

മറുപടിയായി ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ അഭിമന്യു ഈശ്വരന്റെ അപരാജിത പ്രകടനത്തിന്റെ കരുത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. നിലവില്‍ 102 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 396 എന്ന നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ.

291 പന്തില്‍ പുറത്താകാതെ 191 റണ്‍സുമായാണ് അഭിമന്യു ഈശ്വരന്‍ ബാറ്റിങ് തുടരുന്നത്. 121 പന്തില്‍ 93 റണ്‍സെടുത്ത ധ്രുവ് ജുറെലാണ് മികച്ച രീതിയില്‍ സ്‌കോര്‍ കണ്ടെത്തിയ മറ്റൊരു താരം.

Content highlight: Mohammad Kaif praises Sarfaraz Khan

We use cookies to give you the best possible experience. Learn more