|

അതാണ് അവന്‍ നായകനായ ശേഷം ചെയ്ത ആദ്യ തെറ്റ്; ജഡേജയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലിന്റെ പുതിയ സീസണിലെ ആദ്യ മത്സരം നടന്നത്. ഐ.പി.എല്ലില്‍ എം.എസ് ധോണി മറ്റൊരു താരത്തിന്റെ കീഴില്‍ ആദ്യമായി കളിക്കാനിറങ്ങിയ മത്സരം എന്ന നിലയിലും രണ്ട് പുതിയ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന നിലയിലും ഐ.പി.എല്‍ പതിനഞ്ചാം സീസണിലെ ആദ്യ മത്സരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

രവീന്ദ്ര ജഡേജയുടെ കീഴിലായിരുന്നു ചെന്നൈ സീസണിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 131 റണ്‍സ് നേടുകയും മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 6 വിക്കറ്റിന് മത്സരം ജയിക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റനായുള്ള ജഡേജയുടെ പരിചയക്കുറവ് മാത്രം കാരണമാണ് ടീം തോറ്റത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ താരത്തിനെതിരെ ഉയര്‍ന്ന് വന്നിരുന്നു.

മത്സരം പരാജയപ്പെട്ട ശേഷം ജഡേജ ചെയ്ത ഏറ്റവും വലിയ തെറ്റിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

‘ചെന്നൈയുടെ നായകനായ രവീന്ദ്ര ജഡേജ ഇന്ത്യയുടെ ഇന്‍ ഫോം ബാറ്റര്‍മാരില്‍ ഒരാളാണ്. ക്യാപ്റ്റന്‍സിയുടെ ചുമതല കൂടിയുള്ളതുകൊണ്ട് അദ്ദേഹത്തെ അല്‍പം പരിഭ്രമിച്ചാണ് കാണപ്പെട്ടത്.

അദ്ദേഹത്തിന് ഫ്രീയായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല, ബൗള്‍ ചെയ്യാനെത്തിയതും ലേറ്റായാണ്. അദ്ദേഹത്തിന്റെ ഇടപെടല്‍ അല്‍പം യാഥാസ്ഥിതികമായാണ് തോന്നിയത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈ തെറ്റില്‍ നിന്നും അദ്ദേഹം പാഠം ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്,’ കൈഫ് പറയുന്നു.

ദീപക് ചഹറിന് പകരം തുഷാര്‍ ദേശ്പാണ്ഡേയെ ഓപ്പണിംഗ് ബൗളറാക്കിയതാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും വലിയ തെറ്റെന്നും, വാംഖഡേ പോലുള്ള സ്‌റ്റേഡിയത്തില്‍ 131 എന്നത് ഒരു മികച്ച സ്‌കോര്‍ അല്ല എന്നും കൈഫ് കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസം ടോസ് നഷ്ടപ്പെട്ട് സി.എസ്.കെ ബാറ്റിംഗിനിറങ്ങുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാരൊക്കെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയപ്പോള്‍ കെട്ടുപോകാത്ത കനലുമായി ധോണി വീണ്ടും ടീമിന്റെ രക്ഷകനാവുകയായിരുന്നു.

38 പന്തില്‍ അന്‍പതടിച്ചാണ് ധോണി തന്റെ വിശ്വരൂപം ഒരിക്കല്‍ക്കൂടി പ്രകടമാക്കിയത്.

21 പന്തില്‍ 28 റണ്‍സടിച്ച റോബിന്‍ ഉത്തപ്പ ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും അധികനേരം തുടര്‍ന്നില്ല. ധോണിയുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 131 എന്ന സ്‌കോര്‍ ചെന്നൈ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെ.കെ.ആര്‍ നാല് വിക്കര്‌റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴിലുള്ള ആദ്യ വിജയമായിരുന്നു കൊല്‍ക്കത്തയുടേത്.

Content Highlight: Mohammad Kaif highlights Ravindra Jadeja’s biggest mistake in his debut game as a captain