|

ഗംഭീറിനെ പഴിക്കരുത്, പരമ്പര തോറ്റതിന്റെ എല്ലാ ഉത്തരവാദിത്തവും ആ താരങ്ങള്‍ക്ക് മാത്രം; തുറന്നടിച്ച് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരുന്നു. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1നാണ് ഇന്ത്യയുടെ പരാജയം.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ശേഷം പരമ്പരയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയത്തെ വിശകലനം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. ഈ പരാജയത്തിന് കാരണമായി പരിശീലകന്‍ ഗൗതം ഗംഭീറിനെ കാണരുതെന്നും ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാകാത്ത താരങ്ങളാണ് ഈ തോല്‍വിയുടെ ഉത്തരവാദികളെന്നും കൈഫ് വിമര്‍ശിച്ചു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഗ്രാഫ് താഴേയ്ക്ക് പോവുകയാണെന്നും കൈഫ് നിരീക്ഷിച്ചു.

നമ്മള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറെ പിന്നിലാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കണമെങ്കില്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. നമ്മള്‍ ഓസ്ട്രേലിയക്കെതിരെ 3-1ന് പരാജയപ്പെട്ടു. നമ്മളെ സംബന്ധിച്ച് ഈ തോല്‍വി ഒരു മുന്നറിയിപ്പാണ്. ഈ തോല്‍വിയില്‍ ഗംഭീറിനെ പഴി ചാരരുത്, ഇത് ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളുടെ മാത്രം തെറ്റാണ്.

അവര്‍ രഞ്ജി മത്സരങ്ങള്‍ കളിക്കുന്നില്ല, അവര്‍ പ്രാക്ടീസ് മാച്ചുകളും കളിക്കുന്നില്ല. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒരു മികച്ച താരമാകാന്‍ സാധിക്കില്ല.

ടെസ്റ്റാണ് യഥാര്‍ത്ഥ ക്രിക്കറ്റ്. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാതെ നിങ്ങള്‍ക്കൊരിക്കലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ സാധിക്കില്ല,’ കൈഫ് പറഞ്ഞു.

‘ഫെബ്രുവരി 23ന് പാകിസ്ഥാനെ പരാജയപ്പെടുത്തി (ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി) നിങ്ങള്‍ എല്ലാ വിധത്തിലുമുള്ള അഭിനന്ദനങ്ങളുമേറ്റുവാങ്ങും. നമ്മള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ചാമ്പ്യന്‍ ടീമാണ്.

എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കണമെങ്കില്‍ നമ്മള്‍ ഒരു ടെസ്റ്റ് ടീമിനെയാണ് തയ്യാറാക്കേണ്ടത്. സ്പിന്നിന് അനുകൂലമായതോ പേസിന് അനുകൂലമായതോ ആയ ട്രാക്കില്‍ മികച്ച പ്രകടനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കണം.

ഓസ്ട്രേലിയന്‍ സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് നമ്മള്‍ക്ക് അറിയുമായിരുന്നില്ല. നമ്മള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ബുള്ളീസായി മാറിയിരിക്കുന്നു, എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ നമുക്ക് സാധിക്കുന്നില്ല,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

ഈ പരമ്പരയില്‍ പരാജയപ്പെട്ടതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടാനും ഇന്ത്യയ്ക്ക് സാധിക്കാതെ പോയി. ഇതാദ്യമായാണ് ഇന്ത്യയില്ലാതെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അരങ്ങേറുന്നത്.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന് നൂറ് ശതമാനവും ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ വൈറ്റ് വാഷ് തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ സ്വയം പ്രതിരോധത്തിലാവുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെയും മോശം പ്രകനം ആവര്‍ത്തിച്ചതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങളും അവസാനിച്ചു.

Content Highlight: Mohammad Kaif criticizes players who are not ready to play domestic matches