|

രോഹിത്ത് ഇനി ടെസ്റ്റ് കളിക്കേണ്ടതില്ല, ആവശ്യമുള്ള സമയത്താണ് അവന്‍ വിട്ടുനിന്നത്; കടുത്ത വിമര്‍ശനവുമായി മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പര തോല്‍വിയോടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മോശം ഫോമും ക്യാപ്റ്റന്‍സിയും രോഹിത്തിനെ ചതിച്ചപ്പോള്‍ വിരാട് കോഹ്‌ലിക്ക് പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ മാത്രമാണ് സെഞ്ച്വറി നേടാന്‍ സാധിച്ചത്.

പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ രോഹിത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ മത്സരം വിജയിക്കുകയായിരുന്നു. എന്നാല്‍ മോശം ഫോമിനെതുടര്‍ന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ രോഹിത് സിഡ്നിയില്‍ നടന്ന അവസാന മത്സരത്തിലും ബുംറയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച് പുറത്ത് പോകുകയായിരുന്നു. ഇപ്പോള്‍ സിഡ്‌നിയില്‍ മത്സരത്തില്‍ വിട്ടുനിന്ന രോഹിത്തിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

‘രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതില്ല, കാരണം അദ്ദേഹത്തിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ സിഡ്‌നിയിലെ മത്സരം ഒഴിവാക്കാന്‍ തീരുമാനിച്ചു. ആരും റണ്‍സ് നേടുന്നുണ്ടായിരുന്നില്ല, കളിയില്‍ നിന്ന് പുറത്താകുന്നതിന് മുമ്പ് രോഹിത് അത് പരിഗണിക്കേണ്ടതായിരുന്നു.

ബുംറയ്ക്ക് പരിക്ക് പറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ അഭാവം അനുഭവപ്പെട്ടു. രോഹിതിന് എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു, കളിക്കാരുടെ റോളുകളെ കുറിച്ച് അദ്ദേഹത്തിന് അറിയാം. ബുംറയ്ക്ക് പരിക്കേറ്റതോടെ ക്യാപ്റ്റനില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. ബുംറയും രോഹിത്തും ഇല്ലായിരുന്നു.

വര്‍ഷങ്ങളായി കോഹ്‌ലി ഈ ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു, അദ്ദേഹം പെട്ടെന്ന് സിറാജിനോടും ജഡേജയോടും അവരുടെ പദ്ധതികളെക്കുറിച്ച് ചോദിക്കുകയായിരുന്നു. ബൗളര്‍മാരെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. രോഹിതിന്റെ തീരുമാനം തെറ്റായിരുന്നു,’ കൈഫ് പറഞ്ഞു.

Content Highlight: Mohammad Kaif Criticize Rohit Sharma

Latest Stories