|

ഫോറിനേക്കാളധികം സിക്‌സറടിക്കുന്നു, ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പന്തിനേക്കാള്‍ യോഗ്യന്‍ സഞ്ജു; വ്യക്തമാക്കി ഇന്ത്യന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ സഞ്ജു സാംസണിന്റെയും റിഷബ് പന്തിന്റെയും കഴിവുകള്‍ താരതമ്യം ചെയ്ത് ഇന്ത്യന്‍ ഇതിഹാസ താരം മുഹമ്മദ് കൈഫ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ റിഷബ് പന്ത് എം.എസ്. ധോണിക്കൊപ്പമെത്തിയെന്ന് നിരീക്ഷിച്ച കൈഫ്, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ റിഷബ് പന്തിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ആണെന്നും അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്

‘സഞ്ജു സാംസണ്‍ ഏറെ മുമ്പോട്ട് പോയി. നിങ്ങള്‍ ഇക്കാര്യം മനസിലാക്കണം. റിഷബ് പന്തുമായി ആരാധകര്‍ക്ക് വൈകാരികമായ ബന്ധമാണുള്ളത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ അവന്‍ എറ്റവും മികച്ച താരവും മാച്ച് വിന്നറുമാണ്. ഗാബയിലെ പ്രകടനവും സൗത്ത് ആഫ്രിക്കയിലെ സെഞ്ച്വറിയും ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക?

ഓവര്‍സീസ് സാഹചര്യങ്ങളില്‍ അവന്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിഷബ് പന്ത് ഒരു മികച്ച വിക്കറ്റ് കീപ്പറാണ്, വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് സഞ്ജുവിനേക്കാള്‍ മികച്ച താരമാണ്. അവന്‍ എം.എസ്. ധോണിയുടെ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു,’ കൈഫ് പറഞ്ഞു.

എന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ സഞ്ജു സാംസണ്‍ റിഷബ് പന്തിനെ മറികടന്നതായും കൈഫ് വ്യക്തമാക്കി.

‘റിഷബ് പന്ത് ആ സത്യം തിരിച്ചറിയേണ്ടതുണ്ട്. ‘നിന്നെ സംബന്ധിച്ച് തെറ്റായ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന്’ ആരെങ്കിലും അവനോട് പറയുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. അത്തരം കൂട്ടുകെട്ടില്‍ നിന്നും റിഷബ് പന്ത് അകന്നുനില്‍ക്കണം.

വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ പന്തിന്റെ പ്രകടനം മികച്ചതല്ല എന്ന് ആരെങ്കിലും അവനോട് പറയണം. ചാമ്പ്യന്‍സ് ട്രോഫിയിലെ സ്ഥാനം സഞ്ജു സാംസണ്‍ ആത്മാര്‍ത്ഥമായി തന്നെ നേടിയെടുത്തു. പന്ത് ഇനിയും അതിനായി കഠിനാധ്വാനം ചെയ്യണം,’ കൈഫ് പറഞ്ഞു.

‘ബാറ്റിങ് കൂടി കണക്കിലെടുക്കുമ്പോള്‍ സഞ്ജു റിഷബ് പന്തിനേക്കാള്‍ ഏറെ മുമ്പിലാണ്. അവന്‍ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ഒരു രസത്തിന് വേണ്ടിയെന്നോണമാണ് അവന്‍ സൗത്ത് ആഫ്രിക്കയില്‍ സെഞ്ച്വറി നേടിയത്.

ഫോറിനേക്കാള്‍ കൂടുതല്‍ സിക്‌സറുകളാണ് അവന്‍ നേടിയത്. അവന് സിക്‌സറടിക്കാനുള്ള കഴിവുണ്ട്. അവന്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു.

2015ല്‍ ഹരാരെയിലാണ് സഞ്ജു അരങ്ങേറ്റം കുറിക്കുന്നത്. ശേഷം അവന്‍ രണ്ടാം മത്സരം കളിച്ചതാകട്ടെ 2020ലും. 2024 അവന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു.

ചിലപ്പോള്‍ നിങ്ങളവനെക്കൊണ്ട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യിച്ചു, ചിലപ്പോള്‍ മിഡില്‍ ഓര്‍ഡറിലാണ് അവനെ കളത്തിലിറക്കിയത്. അവന് സ്ഥിരമായി ഒരു ബാറ്റിങ് സ്‌പോട്ട് ഉണ്ടായിരുന്നില്ല.

അവന് ഒരുപാട് ഉയര്‍ച്ച താഴ്ചകളുണ്ടായിരുന്നു, എന്നാല്‍ നമ്മളൊരിക്കലും അവനെ പൂര്‍ണമായി പിന്തുണച്ചിരുന്നില്ല. എനിക്ക് തോന്നുന്നത് സഞ്ജു റിഷബ് പന്തിനേക്കാള്‍ എത്രയോ മുകളിലാണെന്നാണ്,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

Content highlight: Mohammad Kaif about Sanju Samson and Rishabh Pant

Latest Stories

Video Stories