| Monday, 11th February 2019, 12:10 pm

മുംബൈ ഇരട്ട സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഹനീഫ് സഈദ് ജയിലില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: 2003 മുംബൈ ഇരട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ മുഹമ്മദ് ഹനീഫ് സഈദ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മുഖ്യപ്രതിയായ ഹനീഫിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും ജയില്‍ സൂപ്രണ്ട് പൂജ ബോസ്‌ലെ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read:  ശിവഗിരിയില്‍ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രമനുസരിച്ചെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഇരട്ട സ്ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ് സഈദിന്റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ് പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

2003 ആഗസ്റ്റില്‍ ഗെയിറ്റ്‌വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസില്‍ ഹനീഫ് സഈദിന്റെ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. ഹനീഫ് സഈദ്, ഭാര്യ ഫെഹ്മിദ സഈദ്, അനീസ് അഷ്റത് അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്.

2002 ഡിസംബറില്‍ അന്ധേരിയില്‍ സീപ്സീല്‍ ബസില്‍ ബോംബ് വെച്ച കേസിലും 2003 ജൂലൈ 8ന് ഘാട്ട്കോപ്പറില്‍ ബസില്‍ ബോംബ് വെച്ച കേസിലും ഇവര്‍ പങ്കാളികളാണെന്ന് പോട്ട കോടതി കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more