Advertisement
Sports News
റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വിജയിക്കും; തുറന്ന് പറഞ്ഞ് മുഹമ്മദ് അസറുദ്ദീന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 11, 02:45 am
Tuesday, 11th February 2025, 8:15 am

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് നേടിയ 304 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി മറികടക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് നടക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്സറുകളും 12 ഫോറും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ താണ്ഡവമാടിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചിരുന്നു.

മാത്രമല്ല ഒരു ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടക്കാനും രോഹിത്തിന് സാധിച്ചു.

രോഹിത്ത് തന്റെ ഫോം തുടര്‍ന്നാല്‍ ഫെബ്രുവരി 19ന് ആരംഭിക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നതന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞിരിക്കുകയാണ്.

‘ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി രോഹിത് ശര്‍മയ്ക്ക് ആശംസകള്‍. ടൂര്‍ണമെന്റില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, ഇന്ത്യ വിജയികളാകുമെന്നതില്‍ എനിക്ക് സംശയമില്ല. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയത് ഏറ്റവും അനുയോജ്യമായ സമയത്താണ്,

ബാറ്റിങ്ങില്‍ ദുഷ്‌കരമായ സമയങ്ങളില്‍ ഒരിക്കലും തളരാത്ത ഒരു അസാധാരണ കളിക്കാരനാണ് അദ്ദേഹമെന്നാണ് ഞാന്‍ കേട്ടത്, അദ്ദേഹം അസാധാരണമാംവിധമാണ് കളിക്കുന്നത്. റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നാഴികക്കല്ല് മറികടന്നതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം ഈ ഫോം തുടരുകയും ചാമ്പ്യന്‍സ് ട്രോഫിയില്‍ മികവ് പുലര്‍ത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അസറുദ്ദീന്‍ പറഞ്ഞു.

 

Content Highlight: Mohammad Azharuddin Praises Rohit Sharma