| Wednesday, 28th August 2024, 5:37 pm

2026ലെ ടി-20 ലോകകപ്പിലും പാകിസ്ഥാന്‍ അവരോട് തോല്‍ക്കും; വിമര്‍ശനവുമായി മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ മണ്ണില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതോടെ പല താരങ്ങളും പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫ് ടീമിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഏറെക്കാലമായി പരാജയം ഏറ്റുവാങ്ങുന്ന പാകിസ്ഥാന്‍ 2026 ടി-20 ലോകകപ്പില്‍ വീണ്ടും അമേരിക്കയോട് പരാജയപ്പെടുമെന്നാണ് മുന്‍ താരം പറഞ്ഞത്. 2024 ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ മത്സരത്തിലാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.

‘ആദ്യ ടി-20 ലോകകപ്പ് കളിക്കുന്ന യു.എസ്.എ ഞങ്ങളെ തോല്‍പിച്ചു. അവര്‍ യോഗ്യത നേടില്ലായിരുന്നു, എന്നാല്‍ ആഥിതേയത്വം വഹിച്ചതിനാലാണ് അവര്‍ക്ക് കളിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ പാകിസ്ഥാന്‍ തോല്‍ക്കുന്ന രീതി, അടുത്ത ലോകകപ്പില്‍ യു.എസ്.എ രണ്ടാം വട്ടവും പാകിസ്ഥാനെതിരെ വിജയിക്കുമെന്നെനിക്ക് ഉറപ്പുണ്ട്,’ മുഹമ്മദ് ആസിഫ് ദി നകാഷ് ഖാന്‍ ഷോയില്‍ പറഞ്ഞു.

മാത്രമല്ല പാകിസ്ഥാന്‍ അടുത്ത ടി-20 ലോകകപ്പിന് ഒരുങ്ങുമ്പോള്‍ വലിയമാറ്റങ്ങളുമായി ഇറങ്ങാനുള്ള സാധ്യതയെക്കുറിച്ചും മുന്‍ താരം സംസാരിച്ചു.

‘2026 ലോകകപ്പിന് മുന്നോടിയായി കോച്ചിനേയും ക്യാപ്റ്റനേയും താരങ്ങളേയും പാകിസ്ഥാന്‍ മാറ്റും. രണ്ട് വര്‍ഷത്തിനുള്ളില്‍ ടീമിനെ ഫൈനലൈസ് ചെയ്യുന്നതിന് മുമ്പ് 20 താരങ്ങളെ ടീം തെരെഞ്ഞെടുക്കും. ഞങ്ങള്‍ ഓരേ തെറ്റ് തന്നെയാണ് ആവര്‍ത്തിക്കുന്നത്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒരുപാട് മാറി എന്നാല്‍ ഞങ്ങള്‍ പഴയതുപോലെത്തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Mohammad Asif Talking About Pakistan Cricket

We use cookies to give you the best possible experience. Learn more