പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച പേസ് ബൗളറാണ് മുഹമ്മദ് ആമിര്‍. എന്നാല്‍ അടുത്തിടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഇടംകയ്യന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന് വേണ്ടി ഫോര്‍മാറ്റിലുടനീളം 159 മത്സരങ്ങളില്‍ നിന്ന് 251 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയതിനെക്കുറിച്ച് ആമിര്‍ പറഞ്ഞിരുന്നു. 2009ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമായി സച്ചിനെ പുറത്താക്കാന്‍ ലഭിച്ച അവസരം അവിസ്മരണീയമാണെന്നാണ് പേസര്‍ പറഞ്ഞത്. സച്ചിനെതിരെ പന്തെറിയുന്നത് വലിയ കാര്യമാണെന്നും അദ്ദേഹത്തെ പുറത്താക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് തനിക്ക് ബോധമില്ലായിരുന്നെന്നും ആമിര്‍ പറഞ്ഞു.
മുഹമ്മദ് ആമിര്‍ സച്ചിനെ പുറത്താക്കിയതിനെക്കുറിച്ച് പറഞ്ഞത്
‘സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിക്കറ്റ് നേടിയത് എനിക്ക് ഏറ്റവും സവിശേഷമായ നിമിഷമായിരുന്നു. 2009ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണത്, എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തിനെതിരെ പന്തെറിഞ്ഞത്, ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ പുറത്താക്കി. സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്നത് ഞാന്‍ ടി.വിയില്‍ കാണുമായിരുന്നു. സച്ചിന്‍ എത്ര മികച്ച ബാറ്റ്‌സ്മാന്‍ ആണെന്ന് എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു,
സച്ചിനെതിരെ പന്തെറിയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. അദ്ദേഹത്തെ പുറത്താക്കിയതിന് ശേഷം മൂന്ന് ദിവസത്തേക്ക് എനിക്ക് ബോധമുണ്ടായിരുന്നില്ല, സച്ചിന്‍ പാജിയുടെ വിക്കറ്റ് ഞാന്‍ നേടിയെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ക്രിക്കറ്റില്‍ പുതിയ ആളായിരുന്നു,
എന്നാലും കളിയുടെ എല്ലാ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണയുള്ള ഒരു ക്യാപ്റ്റന്‍ എനിക്ക് പന്ത് നല്‍കിയപ്പോള്‍, ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുത്ത് സച്ചിനെതിരെ പന്തെറിഞ്ഞു,’ മുഹമ്മദ് ആമിര്‍ പറഞ്ഞു.
Content Highlight: Mohammad Amir Talking About Sachin Tendulkar