ഫൈനലില്‍ കോഹ്‌ലിയെ സമ്മര്‍ദത്തിലാക്കിയത് രാഹുല്‍: മുഹമ്മദ് ആമിര്‍
2023 ICC WORLD CUP
ഫൈനലില്‍ കോഹ്‌ലിയെ സമ്മര്‍ദത്തിലാക്കിയത് രാഹുല്‍: മുഹമ്മദ് ആമിര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd November 2023, 8:16 pm

 

2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. മത്സരശേഷം കെ.എല്‍ രാഹുലിന്റെ പ്രകടനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകളും നടന്നിരുന്നു.

ഇപ്പോള്‍ രാഹുലിന്റെ പ്രകടനത്തിനെതിരെ സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍. രാഹുലിന്റെ ഇന്നിങ്‌സ് കോഹ്‌ലിയെ സമ്മര്‍ദത്തിലാക്കിയെന്നാണ് ആമിര്‍ ഉന്നയിക്കുന്നത്. മന്ദഗതിയിലുള്ള പിച്ചായതിനാല്‍ ആമിര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.

‘പിച്ച് മന്ദഗതിയിലാണെന്ന് മൂന്ന് സന്ദര്‍ഭങ്ങളില്‍ നിന്ന് വ്യക്തമാണ്. ആദ്യത്തേത് ശുഭ്മന്‍ ഗില്‍ ഔട്ട് ആയപ്പോള്‍, പിന്നീട് കോഹ്‌ലി വന്ന ഉടനെ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ബൗണ്ടറികള്‍ നേടി. പിന്നീട് രോഹിത് മാക്‌സ് വെല്ലിനെ സിക്‌സര്‍ പറത്തിയ ശേഷം ഔട്ടാവുകയായിരുന്നു. ഇനി വരാനുള്ള ബാറ്റര്‍മാര്‍ ബുദ്ധിമുട്ടേണ്ടിവരുമെന്ന് രോഹിത്തിന് അറിയാമായിരുന്നു,’ ആമിര്‍ പറഞ്ഞു.

‘ഹരണ മന ഹേ’ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആമിര്‍ ഇങ്ങനെ പറഞ്ഞത്. അപ്പോഴായിരുന്നു രാഹുലിന്റെ മന്ദഗതി ഇന്നിങ്‌സിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.

‘ കെ.എല്‍ രാഹുല്‍ മന്ദഗതിയില്‍ കളിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു. കോഹ്‌ലിയെ സമ്മര്‍ദത്തിലുമാക്കി. രാഹുല്‍ സാധാരണ ഗതിയില്‍ മെല്ലെ കളിക്കാറില്ല. സാധാരണ മികച്ച സ്‌ട്രൈക്ക് റേറ്റ് രാഹുല്‍ നിലനിര്‍ത്തുമായിരുന്നു. അവിടെനിന്നാണ് കാര്യങ്ങള്‍ താഴേക്ക് പോവാന്‍ തുടങ്ങിയത് എന്നാണ് എനിക്ക് തോന്നുന്നത്,’ ആമിര്‍ പറഞ്ഞു.

63 പന്തില്‍ നിന്ന് നാല് ബൗണ്ടറികളടക്കം കോഹ്‌ലി 54 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 107 പന്തില്‍ നിന്നും ഒരു ബൗണ്ടറി നേടിയാണ് 66 റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു, എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 43 ഓവറില്‍ 241 റണ്‍സ് നേടി 2023 ലോകകപ്പ് കിരീടത്തില്‍ ആറാം തവണയും മുത്തമിടുകയായിരുന്നു.

 

Content Highlight: Mohammad Amir says Rahul put pressure on Kohli