ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ പ്രതിമ തകര്‍ന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തീരദേശ നഗരത്തില്‍ നടന്ന ബോംബാക്രമണത്തിലായിരുന്നു പ്രതിമ പൂര്‍ണമായും തകര്‍ന്നത്.
പ്രദേശത്തെ നിരോധിത സംഘടനയായ ബലൂച് റിപബ്ലിക്കന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നില്‍. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിമയ്ക്ക് അടിഭാഗത്തായി സ്ഥാപിക്കപ്പെട്ട സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഈ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ജിന്നയുടെ പ്രതിമ മറൈന്‍ ഡ്രൈവില്‍ സ്ഥാപിക്കപ്പെട്ടത്. സ്ഥലം സുരക്ഷിതമാണെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതിമ സ്ഥാപിച്ചത്.
പ്രദേശത്ത് വിനോദസഞ്ചാരികളാണെന്ന വ്യാജേന എത്തിയ ബലൂച് റിപബ്ലിക്കന്‍ ആര്‍മിയുടെ പ്രവര്‍ത്തകര്‍ സ്‌ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു എന്ന് ഗ്വാദര്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ മേജര്‍ അബ്ദുല്‍ കബീര്‍ ഖാന്‍ പറഞ്ഞു. സംഭവം ഉയര്‍ന്ന തലത്തിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവം പാകിസ്ഥാന്റെ പ്രത്യയശാസ്ത്രത്തിന് മേലുള്ള ആക്രമണമാണെന്നും ഇത് ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും ബലൂചിസ്ഥാന്‍ മുന്‍ ആഭ്യന്തരമന്ത്രിയും നിലവിലെ സെനറ്ററുമായ സര്‍ഫറാസ് ബഗ്ടി ട്വീറ്റ് ചെയ്തു.
2013ല്‍ ജിന്ന മുന്‍പ് താമസിച്ചിരുന്ന, 121 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടവും ബലൂച് റിപബ്ലിക്കന്‍ ആര്‍മി തകര്‍ത്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mohammad Ali Jinnah’s statue destroyed in Pakistan