|

റൊണാൾഡോ, മെസി എന്നിവർക്കൊപ്പം കളിക്കണം; തന്റെ ഡ്രീം ടീം തുറന്ന് പറഞ്ഞ് സലാ

സ്പോര്‍ട്സ് ഡെസ്‌ക്

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ തന്റെ ഡ്രീം ടീമിനെ തെരഞ്ഞെടുത്തു. സലാ തന്റെ ഒപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളെയാണ് വെളിപ്പെടുത്തിയത്.

ടീമില്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരും മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂയ്‌നും ഇടം നേടി. സ്‌കൈ സ്‌പോര്‍ട്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മെസിയേയും റൊണാള്‍ഡോയോയും ഞാന്‍ തെരഞ്ഞെടുക്കും. എന്നാല്‍ പ്രീമിയര്‍ ലീഗിലെ ഒരാളെ ഞാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് കെവിന്‍ ഡി ബ്രൂയ്ന്‍ ആയിരിക്കും. കാരണം അദ്ദേഹത്തിന് കളിക്കളത്തില്‍ മികച്ച ഐ കോണ്‍ടാക്ട് ഉണ്ട്. കെവിന് പന്തുമായി എവിടെ വേണമെങ്കിലും എന്നെ കണ്ടെത്താനാകുമെന്ന് എനിക്ക് ഉറപ്പാണ്. അതിനാല്‍ ഞാന്‍ മെസി, റൊണാള്‍ഡോ,
കെവിന്‍ ഡി ബ്രൂയ്ന്‍ എന്നിവരുടെ പേരുകള്‍ പറയും,’ സലാ പറഞ്ഞു.

ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളില്‍ കഴിഞ്ഞ ആറ് സീസണില്‍ മികച്ച പ്രകടനമാണ് സലാ നടത്തുന്നത്. ലിവര്‍പൂളിനായി 323 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ സലാ 198 ഗോളുകളും 84 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ലിവര്‍പൂളിന്റെ ഏഴ് കിരീടനേട്ടത്തിലും താരം പങ്കാളിയായി.

അതേസമയം റൊണാള്‍ഡോയും മെസിയും ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളാണ്. മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓറിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍, റോണോ തന്റെ പ്രായത്തെ വെല്ലുന്ന പോരാട്ടമാണ് സൗദിയില്‍ നടത്തുന്നത്.

മറുഭാഗത്ത് ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ്. സിറ്റിക്കായി 358 മത്സരങ്ങളില്‍ നിന്ന് 96 ഗോളുകളും 153 അസിസ്റ്റുകളുമാണ് ഡി ബ്രൂയ്ന്‍ നേടിയത്.

Content Highlight: Mohamed Salah talks the names his dream teammate.

Latest Stories