|

ലിവര്‍പൂള്‍ വിടാനൊരുങ്ങി സൂപ്പര്‍ താരം? ആശങ്കയില്‍ ആരാധകര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ വിജയിച്ച് കയറിയത്.

35ാം മിനിട്ടിലും 42ാം മിനിട്ടിലും ലെഫ്റ്റ് വിങ്ങര്‍ ലൂയിസ് ഡയസിന്റെ തകര്‍പ്പന്‍ ഇരട്ട ഗോളിലാണ് ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തിയത്. പിന്നീട് റൈറ്റ് വിങ്ങര്‍ മുഹമ്മദ് സലയുടെ തീപാറുന്ന ഗോള്‍ യുണൈറ്റഡിന് മുകളില്‍ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു.

എന്നിരുന്നാലും ആരാധകരെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈജിപ്ത്തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സല ഈ സീസണ്‍ കഴിഞ്ഞാല്‍ ക്ലബില്‍ തുടരുന്നതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ്. ക്ലബ്ബ് മാനേജ്‌മെന്റ് കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും അതിനാല്‍ ഈ സീസണ്‍ കഴിഞ്ഞാല്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് താരം പറഞ്ഞത്.

‘ക്ലബിലെ ആരും ഇതുവരെ തന്നോട് കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഈ സീസണില്‍ എന്തായാലും ലിവര്‍പൂളില്‍ ഉണ്ടാകും. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും,’ താരം പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ഒമ്പത് പോയിന്റാണ് ടീമിനുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയതോടെ രണ്ടാം സ്ഥാനത്ത് ഒമ്പത് പോയിന്റ് സ്വന്തമാക്കി ലിവര്‍പൂളും ഒപ്പത്തിനൊപ്പമുണ്ട്.

ഏഴ് പോയിന്റ് സ്വന്തമാക്കി ബ്രൈട്ടണ്‍ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ആഴ്സണലും ന്യൂകാസ്റ്റിലും നാല് അഞ്ച് സ്ഥാനത്താണ്. ഇരുവര്‍ക്കും ഏഴ് പോയിന്റാണുള്ളത്.

Content Highlight: Mohamed Salah talking About to stay at the club Liverpool

Video Stories