| Sunday, 5th February 2023, 9:14 am

മൊഹമ്മദ് സലാ കളി നിർത്തി വീട്ടിൽ പോയിരിക്കുന്നതാണ് നല്ലത്; വിമർശനവുമായി ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ തോൽവികളുടെയും തിരിച്ചടികളുടെയും പാതയിലാണ് ലിവർപൂൾ.

20 മത്സരങ്ങൾ കളിച്ച ക്ലബ്ബിന് ഇത് വരെ എട്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ഇതോടെ നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ലിവർപൂളിന്റെ സ്ഥാനം.

ശനിയാഴ്ച നടന്ന മത്സരത്തിൽ പൊതുവെ ദുർബലർ എന്നറിയപ്പെടുന്ന വൂൾവ്സിനോടും എതിരില്ലാത്ത മൂന്ന് ഗോലുകൾക്ക് ലിവർപൂൾ പരാജയപ്പെട്ടിരുന്നു. സാദിയോ മാനെ ബയേണിലേക്ക് ചേക്കേറിയതിന് ശേഷം ഇതു വരേക്കും താളം കണ്ടെത്താൻ ക്ലബ്ബിന് സാധിച്ചിട്ടില്ല.

എന്നാലിപ്പോൾ ലിവർപൂളിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മൊഹമ്മദ് സലാക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഒരു വിഭാഗം ലിവർപൂൾ ആരാധകർ. വൂൾവ്സിനെതിരെയുള്ള ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സലാക്കെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മത്സരത്തിൽ സലായെ അപ്രസക്തനാക്കിയ പ്രകടനമാണ് വൂൾവ്സ് പ്രതിരോധ നിര പുറത്തെടുത്തത്. താരത്തിനെ സ്വതന്ത്രമായി ഒരു ചലനം നടത്താൻ പോലും വൂൾവ്സ് ഡിഫൻസ് അനുവദിച്ചിരുന്നില്ല.

അതിനാൽ തന്നെ ‘സലാ വിരമിക്കണമെന്നും’ ‘വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും’ ‘സലായുടെ കളി മികവെല്ലാം നഷ്ടപ്പെട്ടെന്നുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് വരുന്ന പ്രധാന വിമർശനങ്ങളിൽ ചിലത്.

2017ലാണ് താരം റോമയിൽ നിന്ന് ലിവർപൂളിലേക്ക് വരുന്നത്. ശേഷം പൂളിനായി മികച്ച പ്രകടനം കാഴ്ച വെച്ച സലാ ഇതിനോടകം തന്നെ മൂന്ന് തവണ പ്രീമിയർ ലീഗ് ടോപ്പ് സ്കോറർ ആയിട്ടുണ്ട്. കൂടാതെ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ആഫ്രിക്കൻ കളിക്കാരനും സലായാണ്.

അതേസമയം ഫെബ്രുവരി 14ന് എവർട്ടണെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം.
ഫെബ്രുവരി 22ന് ചാമ്പ്യൻസ് ലീഗിൽ ലിവർപൂളുമായി ക്ലബ്ബ് ഏറ്റുമുട്ടും.

Content Highlights:Mohamed Salah should have stopped playing and gone home; Fans criticise salah

We use cookies to give you the best possible experience. Learn more