ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലായുമായി പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലൈഫി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സേഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
തുടർന്ന് സലായെ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെർമാങ് സൈൻ ചെയ്യിക്കാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. പ്രീമിയർ ലീഗിൽ ബ്രെന്റഫോഡിനെതിരെ ലിവർപൂൾ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സലായും നസർ അൽ ഖലൈഫിയും കൂടിക്കാഴ്‌ച നടത്തിയത്.
എന്നാൽ സലായെ പി.എസ്.ജിയിൽ എത്തിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കല്ല ഇരുവരും കണ്ടുമുട്ടിയതെന്നും ലിവർപൂൾ ക്ലബ്ബിനെ ഏറ്റെടുക്കുന്ന വിഷയം ചർച്ച ചെയ്യാൻ ആണ് ഖലൈഫി സലായുമായി കൂടിക്കാഴ്ച നടത്തിയതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഈജിപ്ഷ്യൻ ജേണലിസ്റ്റായ ഇസ്മെയിൽ മെഹമൂദ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സലായും പി.എസ്.ജി പ്രസിഡന്റും തമ്മിൽ ചർച്ചകൾ നടത്തിയത് ക്ലബ്ബിനെ ഏറ്റെടുക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ്. പി.എസ്.ജിയുടെ ഉടമകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തങ്ങളുടെ മേഖല വ്യാപിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി നിരവധി ക്ലബ് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നതിന്റെ ഭാഗമായാണ് സലായെയും അവർ കണ്ടത്. രണ്ട് മാസത്തിന് മുകളിലായി വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ തീരുമാനത്തിലെത്തുകയായിരുന്നു, ഇസ്മെയിൽ മെഹമൂദ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ഫെൻവെ സ്പോർട്സ് ഗ്രൂപ്പാണ് പി.എസ്.ജിയുടെ ഉടമകൾ. പ്രതിസന്ധി ഘട്ടത്തിൽ നിന്ന് ലിവർപൂളിനെ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കി മാറ്റാൻ ഇവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ക്ലബ്ബിനെ വിൽക്കാൻ ശ്രമം നടത്തുകയാണിവർ.
ഇതിനു വേണ്ടി ഒരു കമ്പനിയെ അവർ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ അവസരത്തിൽ നാല് ബില്യൺ യൂറോ നൽകി ലിവർപൂളിനെ വാങ്ങാനുള്ള ശ്രമമാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി നടത്തുന്നത്.
ലിവർപൂളിന് പുറമെ ടോട്ടൻഹാം ഹോട്സ്പറിൽ നിക്ഷേപം നടത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും വിൽക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ അതിലും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവിൽ രണ്ട് ക്ലബ്ബുകളാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്കുള്ളത്. പി.എസ്.ജിക്ക് പുറമെ പോർച്ചുഗീസ് ക്ലബ് ബ്രാഗയെയാണ് അവർ സ്വന്തമാക്കിയത്.
Content Highlights: Mohamed Salah sat down with PSG president Nasser Al-Khelaifi recently