സലാ ആൻഫീൽഡിൽ നിന്നും സൗദിയിലേക്കോ? റിപ്പോർട്ട്
Football
സലാ ആൻഫീൽഡിൽ നിന്നും സൗദിയിലേക്കോ? റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th January 2024, 3:12 pm

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂള്‍ വിടുമെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. 2023 മാര്‍ച്ചില്‍ ആയിരുന്നു ഈജിപ്ഷ്യന്‍ താരം ആന്‍ഫീല്‍ഡ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് മുഹമ്മദ് സലായുടെ ഏജന്റായ റാമി അബ്ബാസ് ഇസ.

ജേര്‍ണലിസ്റ്റായ സാന്റി ഔനയുടെ എക്‌സ് പോസ്റ്റിന് പ്രതികരിക്കുകയായിരുന്നു എസ. ‘നിങ്ങള്‍ക്കറിയില്ല’ എന്നായിരുന്നു എസയുടെ പ്രതികരണം.

2023 സമ്മര്‍ ട്രാന്‍സ്ഫറില്‍ സൗദി വമ്പന്‍മാരായ പല ക്ലബ്ബുകളും ഈജിപ്ഷ്യന്‍ സൂപ്പര്‍ താരത്തിന് പിന്നാലെ വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഇത്തിഫാഖ് 150 മില്യണിന്റെ വമ്പന്‍ തുക സലാക്കുമുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ക്ലബ്ബ് താരത്തെ ടീം വിടുന്നത് തടയുകയായിരുന്നു. അതേസമയം പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയുടെ അല്‍ നസറും ലിവര്‍പൂള്‍ സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ വലിയ ഓഫറുകള്‍ മുന്നില്‍ വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു.

2017ല്‍ എ.എസ് റോമയില്‍ നിന്നുമാണ് സലാഹ് ആന്‍ഫീല്‍ഡില്‍ എത്തുന്നത്. ലിവര്‍പൂളിനായി 148 മത്സരങ്ങളില്‍ നിന്നും 200 ഗോളുകളാണ് സലാഹ് സ്വന്തമാക്കിയത്. ഈ സീസണിലും മിന്നും ഫോമിലാണ് സലാഹ് കളിക്കുന്നത്. 18 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ നേടിയിട്ടുള്ളത്.

അടുത്തിടെ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ലിവർപൂളിനായി 150 ഗോളുകൾ എന്ന പുതിയ നാഴികക്കല്ലിലേക്കും ഈജിപ്ഷ്യൻ സൂപ്പർതാരം നടന്നുകയറിയിരുന്നു. ഇതോടെ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഒരു ക്ലബ്ബിനുവേണ്ടി 150 ഗോളുകൾ നേടുന്ന അഞ്ചാമത്തെ താരമായി മാറാനും സലാക്ക് സാധിച്ചിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 45 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്‌ളോപ്പും കൂട്ടരും.

ഇ.എഫ്.എല്‍ കപ്പില്‍ ഫുള്‍ഹാമിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.

Content Highlight: Mohamed Salah’s agent reveals his transfer matters.