ലിവര്‍പൂളിന്റെ ചരിത്രത്തലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ പ്രധാനിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന താരമാണ് മുഹമ്മദ് സല. 2017 മുതല്‍ ഇതുവരെ 357 മത്സരങ്ങളിലാണ് സല റെഡ്‌സിനായി കളത്തിലിറങ്ങിയത്. 216 ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഇതിന് പുറമെ രണ്ട് തവണ പി.എഎഫ്.എ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഈജിപ്ഷ്യന്‍ കിങ് സ്വന്തമാക്കി.
ഏത് താരത്തോടൊപ്പം കളിക്കാനാണ് ഏറെ താത്പര്യപ്പെടുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. മെസിയോ റൊണാള്‍ഡോ എന്ന ചോദ്യത്തിന് പ്രീമിയര്‍ ലീഗില്‍ നിന്നും കെവിന്‍ ഡി ബ്രൂയ്‌നയെ തെരഞ്ഞെടുക്കുന്നു എന്ന് പറഞ്ഞ താരം മെസിയെയും റൊണാള്‍ഡോയെയും പ്രശംസിക്കുകയും ചെയ്തു.
താന്‍ മൈതാനത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഡി ബ്രൂയ്‌നെക്ക് തന്നെ കണ്ടെത്താന്‍ സാധിക്കുമെന്നും ഇക്കാരാണത്താലാണ് താന്‍ ബെല്‍ജിയന്‍ സൂപ്പര്‍ താരത്തെ തെരഞ്ഞെടുത്തതെന്നുമാണ് നേരത്തെ മിററിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
‘മെസി ഓര്‍ റൊണാള്‍ഡോ, പക്ഷേ പ്രീമിയര്‍ ലീഗില്‍ നിന്നും ഒരു താരത്തെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ ഉറപ്പായും കെവിന്‍ ഡി ബ്രൂയ്‌നെയെ തന്നെ തെരഞ്ഞെടുക്കും. അവന് മികച്ച ദീര്‍ഘവീക്ഷണമുണ്ട്. എനിക്കുറപ്പാണ്, മൈതാനത്തിന്റെ ഏത് ഭാഗത്താണെങ്കിലും അവന് എന്നെ കണ്ടെത്താന്‍ സാധിക്കും. ഇതുകൊണ്ടുതന്നെ ഞാന്‍ മെസിക്കും റൊണാള്‍ഡോക്കുമൊപ്പം അവനെയും തെരഞ്ഞെടുക്കും.
അവന്‍ വളരെ മികച്ച താരമാണ്, മുഴുവന്‍ ടീമും (മാഞ്ചസ്റ്റര്‍ സിറ്റി) മികച്ചതാണ്. പക്ഷേ ഞാനെപ്പോഴും എന്റെ കളി പിന്തുടരാനാണ് ആഗ്രഹിക്കുന്നത്. മറ്റാരെയും ശ്രദ്ധിക്കാന്‍ ശ്രമിക്കാറില്ല,’ സല പറഞ്ഞു.
സലയും ഡി ബ്രൂയ്‌നെയും രണ്ട് കാലഘട്ടങ്ങളിലായി ചെല്‍സിക്ക് വേണ്ടി കളിച്ചവരാണ്. ഡി ബ്രൂയ്‌നെ 2012-14 കാലഘട്ടത്തില്‍ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ പന്തുതട്ടിയപ്പോള്‍ 2014 മുതല്‍ 2016 വരെയായിരുന്നു സല നീല ജേഴ്‌സിയില്‍ കളിച്ചത്. എന്നാല്‍ ഇരുവര്‍ക്കും ചെല്‍സിക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.
2016ലാണ് സല ചെല്‍സി വിടുന്നത്. പക്ഷേ രണ്ട് സീസണുകള്‍ താരം ലോണില്‍ രണ്ട് വിവിധ ക്ലബ്ബുകള്‍ക്കായാണ് കളിച്ചത്. ശേഷം 2016ല്‍ എ.എസ്. റോമയുടെ ഭാഗമായി. റോമയില്‍ നിന്നുമാണ് താരം ലിവര്‍പൂളിലെത്തുന്നത്. ലിവര്‍പൂളില്‍ സ്വയം അടയാളപ്പെടുത്തിയ സല, ടീമിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു.
ഡി ബ്രൂയ്‌നെയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ചെല്‍സിയില്‍ നിന്നും ലോണില്‍ മറ്റൊരു ടീമിനൊപ്പം കളിച്ച താരം 2014ല്‍ ജര്‍മന്‍ ക്ലബ്ബായ വോള്‍സ്ബര്‍ഗിനൊപ്പം ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷമാണ് താരം മാഞ്ചസ്റ്ററിലെത്തുന്നത്.
Content highlight: Mohamed Salah picks his dream teammates