| Wednesday, 11th October 2017, 6:48 pm

'ഇവനാണ് ഞങ്ങളുടെ മെസിയും നെയ്മറുമെല്ലാം'; ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത സലാഹിന് ഈജിപ്ത് നന്ദി അറിയിച്ചത് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഫുട്‌ബോള്‍ ലോകകപ്പിന് ടിക്കറ്റെടുത്തു കൊടുത്ത മുഹമ്മദ് സലാഹിന് ഈജിപ്ത് നന്ദിയറിയിച്ചത് സ്‌കൂളിന് സലാഹിന്റെ പേരു നല്‍കി. റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയതു മുതല്‍ മിന്നും ഫോമിലുള്ള സലാഹ് ഫുട്‌ബോള്‍ ലോകത്തെ പുത്തന്‍ താരോദമായി മാറിയിരിക്കുകയാണ്.

ക്ലബ്ബിനു വേണ്ടി പുറത്തെടുത്ത അതേ മികവുമായി അരയും തലയും മുറുക്കി ഈജിപ്തിനായി കളത്തിലിറങ്ങിയ സലാഹ് ഇന്ന് രാജ്യത്തിന്റെ സൂപ്പര്‍ ഹീറോയാണ്. 2018 ലോകകപ്പിലേക്ക് ഈജിപ്തിനെ നയിക്കുന്ന ഗോള്‍ നേടിയതോടെ താന്‍ തന്നെയാണ് പിരമീഡുകളുടെ നാടിന്റെ ഫുട്‌ബോള്‍ രാജാവെന്നും താരം അടിവരയിട്ടു കഴിഞ്ഞിരിക്കുന്നു.

95ാം മിനുറ്റിലെ പെനാല്‍റ്റി ഗോളില്‍ കോങ്കോയെ പരാജയപ്പെടുത്തിയാണ് സലാഹ് ഈജിപ്തിന്റെ വിജയശില്‍പ്പിയായി മാറിയത്. റഷ്യയിലേക്കുള്ള ടിക്കറ്റും രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിന് പുതുമാനവും നല്‍കുന്നതായിരുന്നു ആ വിജയം. ഈ നേട്ടം ഈജിപ്തിന് എത്രമാത്രം വലുതാണെന്നതിന് തെളിവാണ് സലാഹിന് ലഭിച്ച സ്വീകരണം.


Also Read:  ധോണി എന്നത് ഇവര്‍ക്കൊരു താരം മാത്രമല്ല; ഹൃദയത്തില്‍ തൊട്ട് ഡി.എ.വി ജവഹര്‍ വിദ്യാ മന്ദിര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു


താന്‍ പഠിച്ചു വളര്‍ന്ന സ്‌കൂള്‍ ഇനിമുതല്‍ സലാഹിന്റെ പേരിലായിരിക്കും അറിയപ്പെടുക. സ്‌കൂളിന്റെ പേരുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ലിവര്‍പൂളിനെ വീണ്ടും വിജയ പാതയിലെത്തിക്കാന് സലാഹിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതോടെ റെഡ്‌സിന്റെ ആരാധകരും. റഷ്യന്‍ ലോകകപ്പില്‍ സലാഹ് ഒരു വിസ്മയമായി മാറുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more