കെയ്‌റോ: ഫുട്‌ബോള്‍ ലോകകപ്പിന് ടിക്കറ്റെടുത്തു കൊടുത്ത മുഹമ്മദ് സലാഹിന് ഈജിപ്ത് നന്ദിയറിയിച്ചത് സ്‌കൂളിന് സലാഹിന്റെ പേരു നല്‍കി. റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയതു മുതല്‍ മിന്നും ഫോമിലുള്ള സലാഹ് ഫുട്‌ബോള്‍ ലോകത്തെ പുത്തന്‍ താരോദമായി മാറിയിരിക്കുകയാണ്.
ക്ലബ്ബിനു വേണ്ടി പുറത്തെടുത്ത അതേ മികവുമായി അരയും തലയും മുറുക്കി ഈജിപ്തിനായി കളത്തിലിറങ്ങിയ സലാഹ് ഇന്ന് രാജ്യത്തിന്റെ സൂപ്പര്‍ ഹീറോയാണ്. 2018 ലോകകപ്പിലേക്ക് ഈജിപ്തിനെ നയിക്കുന്ന ഗോള്‍ നേടിയതോടെ താന്‍ തന്നെയാണ് പിരമീഡുകളുടെ നാടിന്റെ ഫുട്‌ബോള്‍ രാജാവെന്നും താരം അടിവരയിട്ടു കഴിഞ്ഞിരിക്കുന്നു.
95ാം മിനുറ്റിലെ പെനാല്‍റ്റി ഗോളില്‍ കോങ്കോയെ പരാജയപ്പെടുത്തിയാണ് സലാഹ് ഈജിപ്തിന്റെ വിജയശില്‍പ്പിയായി മാറിയത്. റഷ്യയിലേക്കുള്ള ടിക്കറ്റും രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിന് പുതുമാനവും നല്‍കുന്നതായിരുന്നു ആ വിജയം. ഈ നേട്ടം ഈജിപ്തിന് എത്രമാത്രം വലുതാണെന്നതിന് തെളിവാണ് സലാഹിന് ലഭിച്ച സ്വീകരണം.
താന്‍ പഠിച്ചു വളര്‍ന്ന സ്‌കൂള്‍ ഇനിമുതല്‍ സലാഹിന്റെ പേരിലായിരിക്കും അറിയപ്പെടുക. സ്‌കൂളിന്റെ പേരുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ലിവര്‍പൂളിനെ വീണ്ടും വിജയ പാതയിലെത്തിക്കാന് സലാഹിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതോടെ റെഡ്‌സിന്റെ ആരാധകരും. റഷ്യന്‍ ലോകകപ്പില്‍ സലാഹ് ഒരു വിസ്മയമായി മാറുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍.