| Sunday, 4th August 2024, 12:12 pm

മെസി പ്രീമിയര്‍ ലീഗ് കളിച്ചാല്‍ എന്ത് സംഭവിക്കും; വമ്പന്‍ പ്രസ്താവനയുമായി സല

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ലയണല്‍ മെസി പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സല. മെസിയുടേത് ദൈവികമായി ലഭിച്ച കഴിവാണെന്നും അദ്ദേഹം ഇവിടെ കളിക്കുകയാണെങ്കില്‍ ടോപ് സ്‌കോററാകുമെന്നും സല പറഞ്ഞു.

‘അദ്ദേഹം ഇവിടെ കളിക്കുകയാണെങ്കില്‍ ഉറപ്പായും ടോപ് സ്‌കോററാകുമായിരുന്നു. ഇതൊരു സാധാരണമായ കാര്യമാണ്.

ലോകത്തെ ഏറ്റവും മികച്ച താരത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. ലോകത്തെവിടെയാണെങ്കിലും അദ്ദേഹം മികച്ച ഫുട്‌ബോള്‍ തന്നെ കളിക്കും.

മെസിയെ സംബന്ധിച്ച് ഫുട്‌ബോള്‍ എന്നത് ദൈവീകമായി കൈവന്ന ഒരു കഴിവാണ്. ഇതുകൊണ്ടുതന്നെ ഏത് ലീഗില്‍ പോയാലും അദ്ദേഹം ഇതുതന്നെ ചെയ്യും,’ ലിവര്‍പൂള്‍ ഫോര്‍വാര്‍ഡില്‍ സല പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് താന്‍ മെസിയെ കാണുന്നതെന്നും സല പറഞ്ഞു.

‘ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. മെസിയെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് ഞാന്‍ കണക്കാക്കുന്നത്. ചില മത്സരങ്ങിളില്‍ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്,’ സല കൂട്ടിച്ചേര്‍ത്തു.

മെസിയെ കുറിച്ച് ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയും സംസാരിച്ചിരുന്നു. മെസിയെ പരിശീലിപ്പിക്കാന്‍ സാധിക്കാതിരുന്നത് കരിയറിലെ ഏറ്റവും വലിയ നഷ്ടമായാണ് കണക്കാക്കുന്നത് എന്നാണ് ആന്‍സലോട്ടി പറഞ്ഞത്.

‘പരിശീലകന്‍ എന്ന നിലയില്‍ എനിക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ പോയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് മെസി. എന്റെ കരിയറില്‍ ഞാന്‍ പരിശീലിപ്പിച്ച താരങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അവരെയെല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട്.

ഞാന്‍ പരിശീലിപ്പിച്ച ടീമുകള്‍, സ്‌ക്വാഡ് ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച നല്ല സമയങ്ങള്‍ എന്നിവയെല്ലാം ഞാന്‍ ഓര്‍ക്കും,’ കാര്‍ലോ ആന്‍സലോട്ടി ദി ഒബി വണ്‍ പോഡ്കാസ്റ്റിലൂടെ പറഞ്ഞു.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ ഓരോ ലീഗ് കിരീടവും സ്വന്തമാക്കാന്‍ ആന്‍സലോട്ടിക്ക് സാധിച്ചിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗ് കിരീടങ്ങള്‍ എല്ലാം നേടുന്ന ആദ്യ മാനേജറും ആന്‍സലോട്ടി തന്നെയാണ്.

റയല്‍ മാഡ്രിഡ്, എ.സി മിലാന്‍, പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളെയാണ് ആന്‍സലോട്ടി പരിശീലിപ്പിച്ചത്. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം 28 ട്രോഫികള്‍ ആണ് തന്റെ മാനേജിങ് കരിയറില്‍ ആന്‍സലോട്ടി സ്വന്തമാക്കിയത്. നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ പരിശീലകനാണ് ആന്‍സലോട്ടി.

Content highlight: Mohamed Salah about Lionel Messi

We use cookies to give you the best possible experience. Learn more