ഈ ബൂട്ട് പോരാ, എന്റെ പുതിയ ബൂട്ടിങ്ങെടുത്തേ; മിന്നലായി ഈജിപ്ഷ്യന്‍ മാന്ത്രികന്‍
Football
ഈ ബൂട്ട് പോരാ, എന്റെ പുതിയ ബൂട്ടിങ്ങെടുത്തേ; മിന്നലായി ഈജിപ്ഷ്യന്‍ മാന്ത്രികന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2024, 12:18 pm

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റും നേടി മികച്ച പ്രകടനമാണ് മുഹമ്മദ് സലാ നടത്തിയത്.

മത്സരത്തില്‍ സലാ നടത്തിയ ഒരു പ്രത്യേക സംഭവമാണ് ഏറെ ശ്രദ്ധ നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ലിവര്‍പൂളിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ഈജിപ്ഷ്യന്‍ താരം നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തന്റെ ബൂട്ട് മാറ്റിയായിരുന്നു സലാ കളത്തില്‍ ഇറങ്ങിയത്.

പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ തന്റെ ബൂട്ട് രണ്ടാം പകുതിയില്‍ ഒഴിവാക്കുകയും പുതിയ ബൂട്ട് അണിഞ്ഞുകൊണ്ട് കളിക്കളത്തിൽ ഇറങ്ങുകയും ആയിരുന്നു സലാ. ഇതിന് പിന്നാലെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടികൊണ്ടാണ് സലാ തിളങ്ങിയത്.

ഇതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 150 ഗോളുകള്‍ എന്ന പുതിയ നാഴികകല്ലിലേക്കും ഈജിപ്ഷ്യന്‍ സൂപ്പര്‍താരം കാലെടുത്തുവെച്ചു. ഒരു ക്ലബ്ബിന് വേണ്ടി മാത്രം 150 ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും സലാ സ്വന്തമാക്കി.

അതേസമയം ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരുടീമിനും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ ആയിരുന്നു മത്സരത്തിലെ ആറ് ഗോളുകളും പിറന്നത്.

മുഹമ്മദ് സലാ (49,86), കുര്‍ട്ടിസ് ജോണ്‍സ് (74), കോഡി ഗാക്പോ (78) എന്നിവരായിരുന്നു ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. അതേസമയം അലക്സാണ്ടര്‍ ഐസക് (54), സ്വെന്‍ ബോട്ട്മാന്‍ (81) എന്നിവരായിരുന്നു ന്യൂകാസിലിന്റെ സ്‌കോറര്‍മാര്‍.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 45 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്ളോപ്പും കൂട്ടരും.

ജനുവരി ഏഴിന് ആഴ്‌സണലിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ഗണ്ണേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Mohamed salah a special incident in the pitch.