Kerala News
ഇപ്പോള്‍ മോള്‍ ഒറ്റയ്ക്കാണ്; ഞാനും പോകും അവളുടെ അടുത്തേക്ക്; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് മൊഫിയയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 25, 02:36 am
Thursday, 25th November 2021, 8:06 am

 

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിന് മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് പിതാവ് ദില്‍ഷാദ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

‘എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്നത്തിനും എന്നെ വിളിക്കും.

പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവന്‍കൂടി വേണ്ടെന്ന് വെച്ചിട്ടാകും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം,’ എന്നായിരുന്നു അദ്ദേഹം എഴുതിയത്.

മൊഫിയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സുഹൈലിനെതിരെയും, സുഹൈലിന്റെ മാതാപിതാക്കള്‍ക്കെതിരെയും പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. മൊഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണമായിരുന്നു ഭര്‍തൃവീട്ടുകാര്‍ക്കും സ്ഥലം സി.ഐ സുധീറിനുമെതിരെ ഉന്നയിച്ചിരുന്നത്.

മൊഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്.

സി.ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, സുധീറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരം തുടരുകയാണ്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും മാറ്റുന്നത് വരെ സമരത്തില്‍ നിന്നു പിന്നോട്ടല്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mofiya’s father shares a touching post