| Friday, 26th November 2021, 11:49 am

മോഫിയ ആത്മഹത്യ ചെയ്ത സംഭവം; സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍.

സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി.

മോഫിയയുടെ വീട് വ്യവസായ മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചിരുന്നു. മോഫിയയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയും ഇരുവരോടും ഫോണില്‍ സംസാരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡി.ജി.പിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിനെതിരെയുള്ള അന്വേഷണ ചുമതല കൊച്ചി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണര്‍ക്കാണ്.

ചുമതലയൊഴിഞ്ഞ് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സി.എല്‍ സുധീറിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച 17 നിയമ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതേസമയം, സുധീറിനെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്‌റ്റേഷന് മുന്നില്‍ നടത്തുന്ന ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും സുധീര്‍ അധിക്ഷേപിച്ചു എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കുപുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയിരുന്നു. ഇത് വിവാദമായതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.

ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍. കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mofia suicide incident; Suspension of CI Sudheer

We use cookies to give you the best possible experience. Learn more