ആലുവ: മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരത്തിനിടെ ഡി.ഐ.ജിയുടെ വാഹനം തടഞ്ഞ് കേടുപാടുവരുത്തിയതിന് പൊലീസ് കേസെടുത്തു. വാഹനം തടഞ്ഞതിനും കേടുപാടുവരുത്തിയതിനുമായി കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കേസില്‍ ആരോപണ വിധേയനായ സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് ഇവിടെയെത്തിയ ഡി.ഐ.ജിയുടെ വാഹനം തടഞ്ഞത്.
എന്നാല്‍ കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ. സുധീറിനെ സസ്പെന്റ് ചെയ്തിരുന്നു.
സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി.
മോഫിയയുടെ വീട് വ്യവസായ മന്ത്രി പി.രാജീവ് സന്ദര്‍ശിച്ചിരുന്നു. മോഫിയയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയും ഇരുവരോടും ഫോണില്‍ സംസാരിച്ചിരുന്നു.