മോഫിയയുടെ ആത്മഹത്യ; ഒളിവിലായിരുന്ന ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍
Kerala News
മോഫിയയുടെ ആത്മഹത്യ; ഒളിവിലായിരുന്ന ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th November 2021, 9:04 am

ആലുവ: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍.

കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സുഹൈലിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും ദില്‍ഷാദ് സലിം പറഞ്ഞു.

ഇത്രയുംനാള്‍ പുറത്തുപറയാന്‍ കഴിയാത്തവിധത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്കാണ് മോഫിയ ഇരയായതെന്നും ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചിരുന്നെന്നും സലിം പറഞ്ഞു.

യുട്യൂബില്‍ വീഡിയോ നിര്‍മിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. കൈയില്‍ പണമില്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് അവള്‍ പറഞ്ഞത്. ഇതിനുപിന്നാലെ കൈപിടിച്ച് തിരിച്ച് ഒടിക്കാന്‍ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിര്‍ത്താനും സുഹൈല്‍ മോഫിയയെ നിര്‍ബന്ധിച്ചിരുന്നു, ദില്‍ഷാദ് പറഞ്ഞു

മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകള്‍ പരാതി നല്‍കിയതെന്നും പരാതി ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് സി. ഐയുടെ ഓഫീസില്‍ നടന്നതെന്നും ദില്‍ഷാദ് പറയുന്നു. അന്ന് മറ്റൊരാള്‍ക്കൂടി അവിടെ ഉണ്ടായിരുന്നു, ‘കുട്ടിസഖാവ്’, അയാളുടെ പേരറിയില്ല, സഖാവാണ്. ഇയാള്‍ സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് മകള്‍ പറഞ്ഞിരിക്കുന്നത്. ഈ വ്യക്തിയും സി.ഐയും ചേര്‍ന്നാണ് പരാതി ഒതുക്കിതീര്‍ക്കാന്‍ മുന്‍കൈയെടുത്തത്. സംഭവത്തില്‍ കുട്ടിസഖാവിന്റെ റോള്‍ അന്വേഷിക്കണമെന്നും സി.ഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ദില്‍ഷാദ് പറഞ്ഞു.

സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Update, Mofia’s suicide: Husband and family in custody, aluva