| Sunday, 28th November 2021, 11:22 am

മോഫിയയുടെ ആത്മഹത്യക്ക് കാരണം നീതി കിട്ടില്ലെന്ന തോന്നല്‍; സി.ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ കേസില്‍ സി.ഐ സുധീറിനെ പ്രതികൂട്ടിലാക്കി പൊലീസ് എഫ്.ഐ.ആര്‍. മോഫിയയെ മരണത്തിലേക്ക് നയിച്ചത് സി.ഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആറിലാണ് സി.ഐ സുധീറിന്റെ ഭാഗത്തു നിന്നും ഗുരുതര പിഴവുകള്‍ ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് മോഫിയയേയും ഭര്‍ത്താവ് സുഹൈലിനേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിക്കുന്നതിനിടെ ദേഷ്യം വന്ന് മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. തുടര്‍ന്ന് സി.ഐ സുധീര്‍ മോഫിയയോട് കയര്‍ത്തു സംസാരിച്ചു.

ഒരിക്കലും സി.ഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിന് കഴിഞ്ഞ ദിവസമാണ് സസ്പെന്‍ഡ് ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കു പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസില്‍ വീഴ്ച വരുത്തിയതിന് നേരത്തെ നടപടി നേരിട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍. കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Hilight: mofia-parveen-suicide-case-allegations-against-ci-sudheer-in-fir

We use cookies to give you the best possible experience. Learn more