| Tuesday, 18th January 2022, 7:34 pm

മോഫിയ പര്‍വീണ്‍ കേസ്; ഭര്‍ത്താവ് സുഹൈല്‍, മാതാപിതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ കേസില്‍ ഭര്‍ത്താവ് സുഹൈല്‍, മാതാപിതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് ക്രൂര പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയഞ്ഞിരുന്നു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മോഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ പീഡനമാണ് മോഫിയ നേരിട്ടിരുന്നതെന്ന് മാതാപിതാക്കളും ആരോപിച്ചിരുന്നു.

മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.

അതേസമയം, കേസില്‍ സി.ഐ സുധീറിനെ പ്രതികൂട്ടിലാക്കി പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. മോഫിയയെ മരണത്തിലേക്ക് നയിച്ചത് സി.ഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആറിലാണ് സി.ഐ സുധീറിന്റെ ഭാഗത്തു നിന്നും ഗുരുതര പിഴവുകള്‍ ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് മോഫിയയേയും ഭര്‍ത്താവ് സുഹൈലിനേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിക്കുന്നതിനിടെ ദേഷ്യം വന്ന് മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. തുടര്‍ന്ന് സി.ഐ സുധീര്‍ മോഫിയയോട് കയര്‍ത്തു സംസാരിച്ചു.

ഒരിക്കലും സി.ഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ഭര്‍തൃവീട്ടുകാര്‍ക്കു പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mofia Parveen case; The chargesheet was filed against her husband Suhail and her parents

We use cookies to give you the best possible experience. Learn more