ആലുവ: നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു.
ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് ക്രൂര പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മോഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്.