| Saturday, 28th July 2018, 12:01 pm

കീഴാറ്റൂര്‍ ബൈപ്പാസ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം; വയല്‍ക്കിളികളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കീഴാറ്റൂരിലെ നിര്‍ദിഷ്ട ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രനിര്‍ദേശം. പദ്ധതിയുടെ ത്രീ ഡി അലൈന്റ്‌മെന്റ് വിജ്ഞാപനവും താല്‍ക്കാലികമായി മരവിപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. വയല്‍ക്കിളികളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തും.

നേരത്തെ ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിരുന്നു.


Read Also : മിസ്റ്റര്‍ മോദീ, പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടത്; സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ തോമസ് ഐസക്


വയലിലൂടെ 100 മീറ്റര്‍ വീതിയിലാണ് റോഡ് കടന്നു പോകുന്നത്. ഇത് പരിസ്ഥിതിയേയും കര്‍ഷകരെയും ഒരുപോലെ ബാധിക്കും. താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കൊട്ടൊഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കണം. വയലിന്റെ മദ്ധ്യത്തിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്റ് വശത്തേക്ക് മാറ്റി വേണം പദ്ധതി നടപ്പാക്കാനാണെന്നും റിപ്പോര്‍ട്ടില്‍ സമിതി പറഞ്ഞിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശം പരിഗണിക്കണം. മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രമെ നിലവിലെ അലൈന്‍മെന്റ് തുടരാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തണ്ണീര്‍ത്തട സംരക്ഷണത്തിനു പ്രത്യേക നിയമമുള്ള കേരളത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനമുണ്ടായത് ദുഖകരമാണെന്നും സംഘം വിലയിരുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more