ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കൈ ഉണക്കാനുള്ള സ്പ്രേ പന്തെറിയുന്ന കൈയില്‍ അടിച്ചതിന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം തുക മൊയീന്‍ അലി പിഴയായി അടക്കണമെന്ന് സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്തു.
ഐ.സി.സി പെരുമാറ്റ ചട്ടത്തിലെ ലെവല്‍ വണ്‍ വിഭാഗത്തിലെ വകുപ്പ് 2.20 ഇംഗ്ലീഷ് താരം ലംഘിച്ചതായാണ് മാച്ച് റഫറി കണ്ടെത്തിയിരിക്കുന്നത്. മൈതാനത്തെ ഈ മോശം നടപടിക്ക് ഒരു ഡീമെറിറ്റ് പോയിന്റും 35കാരനായ താരത്തിന് വിധിച്ചിട്ടുണ്ട്.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയന്‍ ഇന്നിങ്‌സിലെ 89ാം ഓവറിലായിരുന്നു സംഭവം. തൊട്ടടുത്ത ഓവര്‍ എറിയാനായി വരുന്നതിന് മുന്നോടിയായി ബൗണ്ടറി ലൈനില്‍ വച്ച് മൊയീന്‍ അലി കൈയില്‍ സ്പ്രേ അടിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അമ്പയര്‍മാരുടെ അനുമതിയില്ലാതെ താരങ്ങള്‍ ഒന്നും കൈയില്‍ പുരട്ടാന്‍ പാടില്ലെന്നാണ് നിയമം. ഐ.സി.സി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റാണ് ഇംഗ്ലീഷ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മൊയീന്‍ അലി കുറ്റം സമ്മതിച്ചതിനാല്‍ കൂടുതല്‍ വിശദീകരണം തേടില്ലെന്നും സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മാസത്തിനിടെയുള്ള ഇംഗ്ലീഷ് സ്പിന്നറുടെ ആദ്യ അച്ചടക്കലംഘനമാണിത്.
മൊയീന്‍ അലി കൈ ഉണക്കാന്‍ മാത്രമാണ് സ്പ്രേ ഉപയോഗിച്ചതെന്ന് മാച്ച് റഫറിക്ക് ബോധ്യമായിട്ടുണ്ട്. ഇതിനാല്‍ തന്നെ പന്തില്‍ അലി കൃത്രിമം നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടില്ല.
പന്തില്‍ കൃത്രിമം കാട്ടാനായിരുന്നു താരത്തിന്റെ ശ്രമമെങ്കില്‍ ശിക്ഷ കൂടുതല്‍ കടുത്തതാകുമായിരുന്നു. ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരോടും മൂന്ന്, നാല് അമ്പയര്‍മാരോടും വിശദീകരണം തേടിയ ശേഷമാണ് മാച്ച് റഫറി ശിക്ഷ വിധിച്ചത്.