ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ ഒരുപാട് ക്യാപ്റ്റന്‍മാരുള്ള സീസണാണ്. സ്ഥിരം നായകന്‍ രോഹിത്താണെങ്കിലും ഈ കൊല്ലം ഇന്ത്യയെ നയിച്ചത് അഞ്ച് ക്യാപ്റ്റന്‍മാരാണ്. 35 വയസുകാരനായ രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യക്ക് മുമ്പിലുണ്ട്.
ഇന്ത്യന്‍ നിരയില്‍ ഭാവി ക്യാപ്റ്റന്‍മാരായി നോക്കിക്കാണുന്നത് കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ്. എന്നാല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയീന്‍ അലിയുടെ അഭിപ്രായത്തില്‍ രവീന്ദ്ര ജഡേജയായിരിക്കും ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍.
എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന താരമായ ജഡ്ഡുവിന് നല്ല ബ്രയിനാണെന്നും ഭാവിയില്‍ അദ്ദേഹം മികച്ച നായകനാകാന്‍ ചാന്‍സുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ജഡേജയ്ക്ക് പരിചയസമ്പത്തില്ല. അതുപോലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുക എന്നത് കഠിനമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് നല്ല ക്യാപറ്റന്‍സി ബ്രയിനുണ്ട് ഭാവിയില്‍ അദ്ദേഹത്തിന് ഒരു നല്ല നായകനാകാന്‍ കഴിയും,’ മോയീന്‍ അലി പറഞ്ഞു.
ജഡേജ ക്യാപ്റ്റനെന്ന നിലയില്‍ 2022 ഐ.പി.എല്‍ പരാജയപ്പെടുകയും തന്റെ സ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. പതിനഞ്ചാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്നു മോയീന്‍.
കളിക്കാരനെന്ന നിലയിലും മോശം സീസണായിരുന്നു ജഡേജക്ക് 2022 ഐ.പി.എല്‍. എട്ട് ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 112 റണ്‍സും അഞ്ച് വിക്കറ്റുമാണ് ജഡ്ഡുവിന്റെ സമ്പാദ്യം. എന്നാല്‍ ഐ.പി.എല്‍ പകുതിയായപ്പോള്‍ താരത്തിന് പരിക്കേറ്റിരുന്നു.
പരിക്കില്‍ നിന്ന് മോചിതനായ ജഡേജ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ കളിച്ചേക്കും. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിനായി ജഡേജ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്.