| Sunday, 18th June 2023, 8:27 am

വിരമിച്ച താരത്തെ ടീമിലെടുക്കുമ്പോള്‍ ഇതെങ്കിലും അവര്‍ക്ക് വേണ്ടി ചെയ്യേണ്ടേ... കയ്യടി നേടി മോയിന്‍ അലി

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടാന്‍ പൊരുതി ഓസീസ്. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ 82 റണ്‍സിന് പിറകിലാണ്. നിലവില്‍ 94 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയിലാണ് കങ്കാരുക്കള്‍.

നാല് ഓവറില്‍ 14 റണ്‍സ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിച്ചത്. ടീം സ്‌കോര്‍ 29ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ഡേവിഡ് വാര്‍ണര്‍ പുറത്തായി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു വാര്‍ണറിന്റെ മടക്കം.

തൊട്ടടുത്ത പന്തില്‍ മാര്‍നസ് ലബുഷാനെയും മടക്കി ബ്രോഡ് ഓസീസിനെ ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോക്ക് ക്യാച്ച് നല്‍കിയായിരുന്നു ലബുഷാന്‍ മടങ്ങിയത്. കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ സ്റ്റീവ് സ്മിത്തും കൂടാരം കയറിയപ്പോള്‍ 67 റണ്‍സിന് മൂന്ന് എന്ന നിലയിലേക്ക് ഓസീസ് വീണു.

എന്നാല്‍ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ഓസീസിന്റെ രക്ഷകനായി. സെഞ്ച്വറിയടിച്ചായിരുന്നു താരം കരുത്ത് കാട്ടിയത്. 279 പന്തില്‍ നിന്നും 126 റണ്‍സുമായി താരം ഇപ്പോഴും ക്രീസില്‍ തുടരുകയാണ്.

ഖവാജയുടെ ഇന്നിങ്‌സിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു പ്രകടനവും കഴിഞ്ഞ ദിവസം പിറന്നിരുന്നു. ത്രീ ലയണ്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ ബൗളിങ് തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ്.

രണ്ട് സൂപ്പര്‍ താരങ്ങളെയാണ് അലി മടക്കിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായ ട്രാവിസ് ഹെഡും സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനുമാണ് അലിക്ക് മുമ്പില്‍ വീണത്.

63 പന്തില്‍ നിന്നും 50 റണ്‍സടിച്ച ഹെഡിനെ സാക്ക് ക്രോളിയുടെ കയ്യിലെത്തിച്ച് മടക്കിയ അലി, ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കി. 68 പന്തില്‍ നിന്നും 38 റണ്‍സാണ് പുറത്താകുമ്പോള്‍ ഗ്രീനിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

മോയിന്‍ അലിയുടെ പ്രകടനത്തിന് കയ്യടി ലഭിക്കുമ്പോള്‍ അതിന് സാക്ഷിയായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ഒപ്പമുണ്ടായിരുന്നു. 2021ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അലിയെ തിരികെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ടണ്‍ അടക്കമുള്ളവര്‍ ഈ നീക്കത്തെ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബര്‍ 2021ന് ശേഷം ഒറ്റ ടെസ്റ്റ് പോലും കളിക്കാത്ത ഒരു താരത്തെ ആഷസ് പോലെ ഒരു പരമ്പരയില്‍ ഉള്‍പ്പെടുത്തിയതാണ് ഇവര്‍ ചോദിച്ചത്.

എന്നാല്‍ ബെന്‍ സ്‌റ്റോക്‌സും ബ്രണ്ടന്‍ മക്കെല്ലവും അലിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. തകര്‍പ്പന്‍ ബ്രേക് ത്രൂകളിലൂടെ അലി ആ വിശ്വാസം കാക്കുകയും ചെയ്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിവസം തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ആരാധകരെ ഞെട്ടിച്ചിരുന്നു. ടീം സ്‌കോര്‍ 393ല്‍ നില്‍ക്കവെയായിരുന്നു സ്‌റ്റോക്‌സിന്റെ തീരുമാനം. സെഞ്ച്വറിയടിച്ച റൂട്ടും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ജോണി ബെയര്‍സ്‌റ്റോയും സാക്ക് ക്രോളിയുമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസീസ് 94 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 311 റണ്‍സ് എന്ന നിലയിലാണ്. 126 റണ്‍സുമായി ഖവാജയും 82 പന്തില്‍ നിന്നും 52 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുമാണ് ക്രീസില്‍.

Content highlight: Moeen Ali’s bowling performance in Ashes 1st test

We use cookies to give you the best possible experience. Learn more