ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക് നേട്ടവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി. കഴിഞ്ഞ ദിവസം നടന്ന കോമില്ല വിക്ടോറിയന്‍സ് – ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് മത്സരത്തിലാണ് വിക്ടോറിയന്‍സ് താരം മോയിന്‍ അലി ഹാട്രിക്കുമായി തിളങ്ങിയത്. ടി-20 ഫോര്‍മാറ്റില്‍ അലിയുടെ ആദ്യ ഹാട്രിക് നേട്ടമാണിത്.
ഹാട്രിക് അടക്കം 3.3 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് മോയിന്‍ അലി നേടിയത്.
നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ ഷോഹിദുള്‍ ഇസ്‌ലാമിനെ പുറത്താക്കിക്കൊണ്ടാണ് അലി ഹാട്രിക് നേട്ടത്തിന് തുടക്കമിട്ടത്. വിക്കറ്റ് കീപ്പര്‍ മഹിദുള്‍ ഇസ്‌ലാമിനൊപ്പം ചേര്‍ന്ന് നടത്തിയ മിന്നല്‍ നീക്കത്തില്‍ ഷോഹിദുള്‍ സ്റ്റംപ് ചെയ്യപ്പെട്ട് പുറത്താവുകയായിരുന്നു.
തൊട്ടടുത്ത പന്തില്‍ അല്‍-അമീന്‍ ഹൊസൈനെ വില്‍ ജാക്‌സിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ അലി ബിലാല്‍ ഖാനെ ക്ലീന്‍ ബൗള്‍ഡാക്കി ഹാട്രിക് നേട്ടവും ടീമിന്റെ വിജയവും ആഘോഷിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിക്ടോറിയന്‍സ് വില്‍ ജാക്‌സിന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ്, മോയിന്‍ അലി എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
വില്‍ ജാക്‌സ് 53 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടി. അഞ്ച് ബൗണ്ടറിയും പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് 31 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് മോയിന്‍ അലി നേടിയത്. രണ്ട് ഫോറും അഞ്ച് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ചലഞ്ചേഴ്‌സിനായി ഷോഹിദുള്‍ ഇസ്‌ലാം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സൈകത് അലി ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചലഞ്ചേഴ്‌സ് 16.3 ഓവറില്‍ 166ന് ഓള്‍ ഔട്ടായി. 24 പന്തില്‍ 41 റണ്‍സ് നേടിയ തന്‍സിദ് ഹസനാണ് ടോപ് സ്‌കോറര്‍. 36 റണ്‍സ് വീതം നേടിയ ജോഷ് ബ്രൗണും സൈകത് അലിയും പൊരുതിയെങ്കിലും വിജയിക്കാനായില്ല.
വിക്ടോറിയന്‍സിനായി മോയിന്‍ അലിക്ക് പുറമെ റിഷാദ് ഹൊസൈനും നാല് വിക്കറ്റ് നേടി. മുസ്തഫിസുര്‍ റഹ്‌മാനാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ നേടിയത്.
ബുധനാഴ്ചയാണ് വിക്ടോറിയന്‍സിന്റെ അടുത്ത മത്സരം. കുല്‍ന ടൈഗേഴ്‌സാണ് എതിരാളികള്‍.
Content Highlight: Moeen Ali picks hattrick in Bangladesh Premier League