| Friday, 7th July 2023, 10:34 pm

വിരമിച്ചവന്‍ തിരിച്ചുവന്നത് വെറുതെയല്ല; നൂറാം ടെസ്റ്റ് കളിക്കുന്ന സ്മിത്തിനെ വീഴ്ത്തി അലിയുടെ 200

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഹെഡിങ്‌ലി ഓവല്‍ വേദിയാവുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്.

നിരവധി പ്രത്യേകതകളാണ് ഹെഡിങ്‌ലി ടെസ്റ്റിനുള്ളത്. 2011ന് ശേഷം നഥാന്‍ ലയണ്‍ ഇല്ലാതെ ഓസീസ് കളത്തിലിറങ്ങുന്ന ആദ്യ ടെസ്റ്റ്, സ്റ്റീവ് സ്മിത്തിന്റെ നൂറാം ടെസ്റ്റ് എന്നിവക്കൊപ്പം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് 6,000 റണ്‍സ് തികച്ച മത്സരം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇതിന് പുറമെ മറ്റൊരു താരം കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലും മൂന്നാം ടെസ്റ്റില്‍ പിന്നിട്ടിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയാണ് മറ്റൊരു റെക്കോഡ് നേട്ടം തന്റെ പേരിലാക്കിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

200 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടമാണ് മോയിന്‍ അലി സ്വന്തമാക്കിയത്. രണ്ട് ഓവറിനിടെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയാണ് മോയിന്‍ അലി റെക്കോഡിലേക്ക് നടന്നുകയറിയത്.

സൂപ്പര്‍ താരം മാര്‍നസ് ലബുഷാനെ പുറത്താക്കിയാണ് അലി രണ്ടാം ഇന്നിങ്‌സിലെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 77 പന്തില്‍ നിന്നും അഞ്ച് ബൗണ്ടരിയുടെ അകമ്പടിയോടെ 33 റണ്‍സ് നേടി നില്‍ക്കവെയാണ് ഹാരി ബ്രൂക്കിന്റെ കൈകളിലെത്തിച്ച് അലി മടക്കിയത്.

26ാം ഓവറിലെ രണ്ടാം പന്തില്‍ ലബുഷാനെ മടക്കിയതോടെ 199 വിക്കറ്റായി തന്റെ നേട്ടം മെച്ചപ്പടുത്തിയ മോയിന്‍ അലി, തന്റെ സ്‌പെല്ലിലെ അടുത്ത ഓവറില്‍ സ്മിത്തിനെയും മടക്കി. ഒമ്പത് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ സ്മിത്തിനെ ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ചാണ് അലി പുറത്താക്കിയത്.

അലിയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സ്മിത്ത് മിഡ് വിക്കറ്റില്‍ ഡക്കറ്റിന്റെ കൈകളിലൊതുങ്ങി. ഇതോടെ 200 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബില്‍ തന്റെ പേരെഴുതിച്ചേര്‍ക്കാനും അലിക്കായി. ഈ നേട്ടം കൈവരിക്കുന്ന 65ാമത് താരവും 16ാമത് ഇംഗ്ലണ്ട് താരവുമാണ് മോയിന്‍ അലി.

മോയിന്‍ അലിയുടെ റെക്കോഡ് നേട്ടത്തിന് കയ്യടി ലഭിക്കുമ്പോള്‍ അതിന് സാക്ഷിയായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ഒപ്പമുണ്ടായിരുന്നു. 2021ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അലിയെ തിരികെ ആഷസ് ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ടണ്‍ അടക്കമുള്ളവര്‍ ഈ നീക്കത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 2021ന് ശേഷം ഒറ്റ ടെസ്റ്റ് പോലും കളിക്കാത്ത ഒരു താരത്തെ ആഷസ് പോലെ ഒരു പരമ്പരയില്‍ ഉള്‍പ്പെടുത്തിയതാണ് ഇവര്‍ ചോദിച്ചത്.

അതേസമയം, ആദ്യ ഇന്നിങ്സില്‍ 26 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 36 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 91 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. സ്മിത്തിന്റെയും ലബുഷാന്റെയും വിക്കറ്റിന് പുറമെ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവരെയുമാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.

ആദ്യ ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ ചെറുത്ത് നില്‍പാണ് ഓസീസിന് ആദ്യ ഇന്നിങ്സിനെ വമ്പന്‍ ലീഡ് നേടുന്നതില്‍ നിന്നും തടഞ്ഞത്. 108 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും അഞ്ച് സിക്സറിന്റെയും അകമ്പടിയോടെ 80 റണ്‍സാണ് താരം നേടിയത്.

Content highlight: Moeen Ali completes 200 test wickets

Latest Stories

We use cookies to give you the best possible experience. Learn more