| Monday, 11th September 2023, 4:15 pm

ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമന്‍; ഐതിഹാസിക നേട്ടത്തില്‍ തിളങ്ങി അലി

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന കരിയറിലെ സുപ്രധാന നാഴികക്കല്ല് താണ്ടി ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് മോയിന്‍ അലി റെക്കോഡിട്ടത്.

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ഏകദിനത്തിലെ നൂറ് വിക്കറ്റ് നേട്ടമാണ് മോയിന്‍ അലി ആഘോഷിച്ചത്. അതേ ഓവറില്‍ മിച്ചല്‍ സാന്റ്‌നറിനെയും പുറത്താക്കിയ മോയിന്‍ അലി ഏകദിനത്തിലെ 101ാം വിക്കറ്റ് നേട്ടവും കുറിച്ചു.

ഏകദിനത്തില്‍ ഇംഗ്ലണ്ടിനായി 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന 14ാമത് താരവും മൂന്നാമത് സ്പിന്നറുമാണ് മോയിന്‍ അലി. ആദില്‍ റഷീദ്, ഗ്രെയം സ്വാന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കിയ മറ്റ് സ്പിന്നേഴ്‌സ്.

കിവീസിനെതിരായ മത്സരത്തില്‍ അഞ്ച് ഓവര്‍ പന്തെറിഞ്ഞ മോയിന്‍ അലി 30 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 6.00 എന്ന എക്കോണമിയാണ് മത്സരത്തില്‍ താരത്തിനുണ്ടായിരുന്നത്.

അതേസമയം, മഴമൂലം 34 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് 79 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പാളിയിരുന്നു. ത്രീ ലയണ്‍സിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങളെല്ലാം ഒറ്റയക്കത്തിന് പുറത്താവുകയായിരുന്നു.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് കിവീസിന് തുണയായത്. ഡബിള്‍ വിക്കറ്റ് മെയ്ഡിനുമായാണ് ബോള്‍ട്ട് തിളങ്ങിയത്. ജോണി ബെയര്‍സ്‌റ്റോയെ ആറ് റണ്‍സിന് പുറത്താക്കിയ ബോള്‍ട്ട് ജോ റൂട്ടിനെ പൂജ്യത്തിനും ബെന്‍ സ്റ്റോക്‌സിനെ ഒരു റണ്‍സിനും മടക്കി.

എന്നാല്‍ 78 പന്തില്‍ നിന്നും പുറകത്താകാതെ 95 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണും 35 പന്തില്‍ 42 റണ്‍സ് നേടിയ സാം കറനുമാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (25 പന്തില്‍ 30) മോയിന്‍ അലിയും (32 പന്തില്‍ 33) സ്‌കോറിങ്ങില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഒടുവില്‍ 34 ഓവറില്‍ 226ന് ഏഴ് എന്ന നിലയില്‍ ഇംഗ്ലണ്ട് പോരാട്ടം അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. അര്‍ധ സെഞ്ച്വറിയുമായി ഡാരില്‍ മിച്ചല്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും പിന്തുണ നല്‍കാന്‍ ഒരാള്‍ പോലും ഇല്ലാതെ വന്നതോടെ കിവികള്‍ പരാജയം സമ്മതിക്കുകയായിരുന്നു.

26.5 ഓവറില്‍ 147 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടാവുകയായിരുന്നു. 52 പന്തില്‍ 57 റണ്‍സടിച്ച ഡാരില്‍ മിച്ചലാണ് ടോപ് സ്‌കോറര്‍.

ഇംഗ്ലണ്ടിനായി റിസി ടോപ്‌ലിയും ഡേവിഡ് വില്ലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മോയിന്‍ അലി രണ്ടും ഗസ് ആറ്റ്കിന്‍സണ്‍ ഒരു വിക്കറ്റും നേടി.

ഈ വിജയത്തിന് പിന്നാലെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് സമനില സ്വന്തമാക്കാനും ഇംഗ്ലണ്ടിനായി.

സെപ്റ്റംബര്‍ 13നാണ് പരമ്പരയിലെ അടുത്ത മത്സരം. ഓവലാണ് വേദി.

Content highlight: Moeen Ali completes 100 ODI wickets

We use cookies to give you the best possible experience. Learn more