ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കുന്നുവെന്ന സൂചന നല്‍കി ഇംഗ്ലണ്ട് ഇതിഹാസ താരം മോയിന്‍ അലി. ആഷസിലെ അഞ്ചാം ടെസ്റ്റ് റെഡ് ബോള്‍ ഫോര്‍മാറ്റിലെ തന്റെ അവസാന മത്സരമായിരിക്കുമെന്നും ഇനി മാച്ചുകളുടെ കാര്യം പറഞ്ഞ് സ്‌റ്റോക്‌സ് തനിക്ക് മെസേജ് അയച്ചാല്‍ താന്‍ അത് ഡിലീറ്റ് ചെയ്യുമെന്നും അദ്ദേഹം തമാശപൂര്‍വം പറഞ്ഞു.
ഓവലിലെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരിക്കുമെന്ന് പറഞ്ഞത്.
‘ഇനിയും സ്റ്റോക്‌സ് എനിക്ക് മെസേജ് അയക്കുകയാണെങ്കില്‍ ഞാനത് ഡിലീറ്റ് ചെയ്യും,’ മോയിന്‍ അലി ബി.ബി.സിയോട് പറഞ്ഞു.
‘അത് വളരെ അതിശയകരമായാണ് എനിക്ക് തോന്നുന്നത്. തിരിച്ചുവരവ് അല്‍പം ബുദ്ധിമുട്ടേറിയത് തന്നെയായിരുന്നു. കാരണം ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല എന്ന കാര്യമാണ് സ്റ്റോക്‌സ് വിളിച്ചപ്പോള്‍ ഞാന്‍ ആദ്യം തന്നെ ആലോചിച്ചത്.
എന്തുകൊണ്ട് പറ്റില്ല, കാരണം ഞാന്‍ ഏറ്റവും മികച്ച ഒരു ടീമിനൊപ്പമാണ് കളിക്കാന്‍ പോകുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഒരിക്കല്‍ക്കൂടി ഈ മികച്ച ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം,’ അലി പറഞ്ഞു.
2021ല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച അലി ആഷസ് പരമ്പരയില്‍ വീണ്ടും ടീമിന്റെ ഭാഗമാവുകയായിരുന്നു. ജാക്ക് ലീച്ചിന്റെ പരിക്കിന് പിന്നാലെയാണ് ഇ.സി.ബി വീണ്ടും മോയിന്‍ അലിയിലേക്കെത്തുന്നത്.
‘തിരിച്ചുവരവില്‍ ഏറെ സന്തുഷ്ടനാണ്. ആദ്യ ദിവസം തന്നെ മക്കെല്ലത്തിനും സ്‌റ്റോക്‌സിനുമൊപ്പം ടീമിനേക്ക് മടങ്ങിയെത്തി. ബ്രോഡ്, ജിമ്മി, വുഡി എന്നിവര്‍ക്കൊപ്പം കളിക്കുന്നത് അതിശയകരം തന്നെയാണ്. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയിച്ചു, അതില്‍ എന്റേതായ സംഭാവനകള്‍ നല്‍കി. ഇതെല്ലാം ഏറെ അതിശയിപ്പിക്കുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് മോയിന്‍ അലി കാഴ്ചവെച്ചത്. അവസാന ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ അലി ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.
മോയിന്‍ അലിയുടെ പ്രകടനത്തിന് കയ്യടി ലഭിക്കുമ്പോള്‍ അതിന് സാക്ഷിയായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ഒപ്പമുണ്ടായിരുന്നു. 2021ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അലിയെ തിരികെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ടണ്‍ അടക്കമുള്ളവര്‍ ഈ നീക്കത്തെ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബര്‍ 2021ന് ശേഷം ഒറ്റ ടെസ്റ്റ് പോലും കളിക്കാത്ത ഒരു താരത്തെ ആഷസ് പോലെ ഒരു പരമ്പരയില്‍ ഉള്‍പ്പെടുത്തിയതാണ് ഇവര്‍ ചോദിച്ചത്.
എന്നാല്‍ സ്റ്റോക്‌സും കോച്ച് ബ്രണ്ടന്‍ മക്കെല്ലവും അലിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. അലി ആ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു.
അലിയടക്കമുള്ള ബൗളിങ് നിര അവസാന മത്സരത്തില്‍ ആളിക്കത്തിയപ്പോള്‍ ഇംഗ്ലണ്ട് 49 റണ്‍സിന് വിജയിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്തിരുന്നു.
Content Highlight: Moeen Ali about his retirement