| Monday, 9th September 2024, 1:40 pm

രണ്ട് ലോകകപ്പും ആഷസുമല്ല, കരിയറിലെ ഏറ്റവും മികച്ച നിമിഷം അത്; തെരഞ്ഞെടുത്ത് മോയിന്‍ അലി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം മോയിന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് പടിയിറങ്ങിത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു മോയിന്‍ അലി. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്കെതിരെയായിരുന്നു മോയിന്‍ അലി അവസാനമായി ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത്.

ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. 2019ല്‍ ഏകദിന ലോകകപ്പും 2021ലെ ടി-20 ലോകകപ്പും ആഷസും നേടിയത് വളരെ മികച്ചതായിരുന്നുവെന്നും എന്നാല്‍ വ്യക്തിഗത പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഓവലില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ ടെസ്റ്റ് ഹാട്രിക്കാണ് ഏറ്റവും മികച്ചതെന്നും മോയിന്‍ അലി പറയുന്നു.

ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് മോയിന്‍ അലി ഇക്കാര്യം സംസാരിച്ചത്.

‘ആഷസും രണ്ട് ലോകകപ്പുകളും വിജയിച്ചത് വളരെ മികച്ചതും സന്തോഷം നല്‍കുന്നതുമായിരുന്നു. എന്നാല്‍ വ്യക്തിഗതമായി നോക്കുമ്പോള്‍ ഓവലില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന്റെ വിജയത്തിന് കാരണമായ എന്റെ ഹാട്രിക്കാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇതിന് പുറമെ ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തില്‍ ടി-20 അര്‍ധ സെഞ്ച്വറി നേടിയതിലും എനിക്ക് അഭിമാനമുണ്ട്,’ അലി പറഞ്ഞു.

2022ല്‍ സൗത്ത് ആഫ്രക്കക്കെതിരെയാണ് അലി ഒരു ഇംഗ്ലണ്ട് താരത്തിന്റെ വേഗതയേറിയ ടി-20 അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരില്‍ കുറിച്ചത്. നേരിട്ട 16ാം പന്തിലായിരുന്നു മോയിന്‍ അലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ താരം 18 പന്തില്‍ 52 റണ്‍സ് നേടി പുറത്തായി.

2017ലാണ് മോയിന്‍ അലി ടെസ്റ്റിലെ ഹാട്രിക് നേടിയത്. സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് മോയിന്‍ അലി തുടര്‍ച്ചയായ മൂന്ന് പന്തില്‍ വിക്കറ്റ് നേടിയത്.

സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിലെ 76ാം ഓവറിലാണ് അലി ഹാട്രിക് നേട്ടത്തിലേക്ക് കാലെടുത്ത് വെച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ ഡീന്‍ എല്‍ഗറിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചാണ് അലി പുറത്താക്കിയത്. 226 പന്തില്‍ 136 റണ്‍സ് നേടി നില്‍ക്കവെയാണ് എല്‍ഗര്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുന്നത്.

തൊട്ടടുത്ത പന്തില്‍ കഗീസോ റബാദയും ബെന്‍ സ്‌റ്റോക്‌സിന്റെ കൈകളില്‍ അവസാനിച്ചു.

78ാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് നേടിയാണ് അലി തന്റെ ഹാട്രിക് നേട്ടം പൂര്‍ത്തിയാക്കിയത്. മോണി മോര്‍ക്കലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് മോയിന്‍ അലി തന്റെ ഹാട്രിക് നേട്ടവും ഇംഗ്ലണ്ടിന്റെ വിജയവും ഉറപ്പിച്ചത്.

ഇതോടെ നീണ്ട 79 വര്‍ഷങ്ങള്‍ക്ക് ശേഷം ടോം ഗൊദാര്‍ദിന് ശേഷം ടെസ്റ്റില്‍ ഹാട്രിക് പൂര്‍ത്തിയാക്കുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടവും അലി സ്വന്തമാക്കി. 1938ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ തന്നെയാണ് ഗൊദാര്‍ദും ടെസ്റ്റ് ഹാട്രിക് നേടിയത്.

Content Highlight: Moeen Ali about his favorite moment in international Cricket

We use cookies to give you the best possible experience. Learn more