ഏവരേയും അമ്പരപ്പിച്ച് കൊണ്ട് ലോകകപ്പിന്റെ ഫൈനലില്‍ എത്തിയിരിക്കുകയാണ് യൂറോപ്പിലെ കുഞ്ഞന്‍ രാജ്യമായ ക്രൊയേഷ്യ. ലോകകപ്പിന് മുമ്പ് ആരും കാര്യമായ സാധ്യത കല്പിക്കാതിരുന്ന ടീം ഞായറാഴ്ച ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടും.
ക്രൊയേഷ്യയുടെ വിജയങ്ങളുടെ നെടുംതൂണായത് അവരുടെ സൂപ്പര്‍താരമായ ലൂക്ക മോഡ്രിച്ചാണ്. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ മധ്യനിരതാരം. എന്നാല്‍ ഇന്ന് ലോകകപ്പ് ഫൈനലിലേക്ക് രാജ്യത്തെ നയിച്ച താരമാവുന്നതിന് മുമ്പ് കഠിനമായ ഒരു കുട്ടിക്കാലത്തിലൂടെയാണ്് മോഡ്രിച്ച് കടന്ന് പോയത്.
1991 ഡിസംബറില്‍ മോഡ്രിച്ചിന് ആറ് വയസ്സുള്ളപ്പോള്‍ ബാല്‍ക്കന്‍ യുദ്ധം നടക്കുകയായിരുന്നു. അന്ന് സെര്‍ബിയന്‍ പട ഡാല്‍ മേഷ്യയിലെ ക്രൊയേഷ്യന്‍ ഗ്രാമങ്ങള്‍ ആക്രമിച്ചു. നാട് വിടാത്ത കുടുംബങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. ആ കൂട്ടത്തില്‍ ലൂക്ക മോഡ്രിച്ചിന്റെ കുടുംബവുമുണ്ടായിരുന്നു.
ലൂക്കയുടെ മുത്തച്ഛന്‍ ലൂക്ക മോഡ്രിച്ച് സീനിയറിനെ ബന്ധിയാക്കിയ സെര്‍ബിയന്‍ അക്രമികള്‍. മറ്റ് അഞ്ച് പേരോടൊപ്പം മോഡ്രിച്ച് സീനിയറെ വെടിവെച്ച് വീഴ്ത്തി. ലൂക്കയെ വളര്‍ത്തിയത് മുത്തച്ഛനായിരുന്നു. ലൂക്കയുടെ അച്ഛനും അമ്മയും ദൂരെ ഒരു തുന്നല്‍ കമ്പനിയില്‍ ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്.
ഈ സംഭവത്തിന് ശേഷം നാട് വിടാന്‍ നിര്‍ബന്ധിതരായ മോഡ്രിച്ച് കുടുംബം എത്തിപ്പെട്ടത് ഒരു അഭയാര്‍ത്ഥി ക്യാംപിലാണ്. അവിടെയായിരുന്നു ലൂക്കയുടെ ബാല്യകാലം. വെള്ളവും വൈദ്യുതിയും ഇല്ലാതെ. ചുറ്റും ബോംബുകളുടേയും വെടിയുണ്ടകളുടേയും ശബ്ദം. ലൂക്കയ്ക്കും സഹോദരി ജാസ്മിനക്കും പ്രദേശത്ത് കൂടെ നടക്കണമെങ്കില്‍ നിലത്ത് മൈനുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമായിരുന്നു.
ആ അഭ്യാര്‍ത്ഥി ക്യാംപില്‍ പന്ത് തട്ടി കളി പഠിച്ച ലൂക്ക ഞായാറാഴ്ച രാജ്യത്തിന്റെ ആദ്യ ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും ചുമലിലേന്തി.